മൃഗസംരക്ഷണ വിദഗ്‌ധരുടെ കേന്ദ്ര സംഘം കോഴിക്കോട് എത്തി

കോഴിക്കോട്: നിപാ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വിദഗ്‌ധരുടെ കേന്ദ്ര സംഘം കോഴിക്കോട് എത്തി. നിപാ സ്ഥിരീകരിച്ച മേഖലകളിലെ വളർത്തുമൃഗങ്ങൾ, പന്നികൾ, വവ്വാലുകൾ എന്നിവയിൽനിന്ന് സംഘം സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി. ജോയിൻറ് കമീഷണർമാരായ ഡോ. എച്ച് ആർ ഖന്ന, ഡോ. വിജയകുമാർ ടിയോട്യ, ഭോപ്പാൽ എൻഐഎച്ച്എസ്എഡി പ്രിൻസിപ്പൽ ഡോ. അശ്വിൻ റൗത്ത്, ബംഗളൂരു എസ്ആർഡിഡിഎല്ലിലെ ഡോ. ബി പി ശങ്കർ എന്നിവരാണ് സംഘത്തിലുളളത്.

മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദാലിയുടെ വീട് കേന്ദ്രസംഘം സന്ദർശിച്ചു. പരിസര പ്രദേശത്തുള്ള പൂച്ച, ആട്, പശു എന്നിവയിൽനിന്ന് സാമ്പിളെടുത്തു. മരിച്ചയാളുടെ കൃഷിസ്ഥലത്തുള്ള പഴംതീനി വവ്വാലുകളുടെ സ്രവ സാമ്പിളുകളും ശേഖരിക്കും.
കർഷകർക്കായി കൺട്രോൾ റൂം ജില്ലയിൽ കർഷകരുടെ ഭീതി അകറ്റുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചു. നിപാ ബാധിത പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൻറെ അന്വേഷണ പര്യവേക്ഷണ സംഘത്തിൻറെ സാന്നിധ്യത്തിൽ മന്ത്രി ജെ ചിഞ്ചു റാണി അവലോകനം ചെയ്തു.
Advertisements

രോഗബാധിത പ്രദേശങ്ങളിൽ കാട്ടുപന്നികളും വളർത്തുകുതിരയും ചത്തതിനെക്കുറിച്ച് യോഗം ചർച്ചചെയ്‌തു. സാമ്പിൾ ശേഖരണം, ബോധവൽക്കരണ നടപടികൾ തുടങ്ങിയവയും യോഗം വിലയിരുത്തി. പഴംതീനി വവ്വാലുകളുടെ കോളനികൾ കണ്ടെത്തുകയും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതായി കോഴിക്കോട് ജില്ലാ സംഘം അറിയിച്ചു.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഡോ. പ്രണബ് ജ്യോതി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിക്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽനിന്നുള്ള ഡോക്ടർമാർ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.
