പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരൻ മാസ്റ്റർ (74) നിര്യാതനായി
.
ചേമഞ്ചേരി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരൻ മാസ്റ്റർ (74) നിര്യാതനായി. ജനതാദൾ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. പ്രമുഖ സ്വാതന്ത്ര സമര സേനാനിയായിരുന്ന കെ.വി മാധവൻ കിടാവിൻ്റെയും മാധവിക്കുട്ടി അമ്മയുടെയും മകനാണ്. മലബാറിൻ്റെ ക്വിറ്റ് ഇന്ത്യാ സമര പോരാട്ടങ്ങളുടെ ചരിത്രത്തെ ആധാരമാക്കിയ “ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം” എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവാണ്.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, തൃക്കോട്ടൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡണ്ട്, KSFE ഡയറക്ടർ ബോർഡ് മെമ്പർ, തിക്കോടി HMS ചുമട്ട്, കൈവണ്ടി തൊഴിലാളി യൂണിയൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് പോലീസിൻ്റെ ഭീകര മർദ്ദനത്തിന് ഇരയായി.

ചേമഞ്ചേരി ദേശ സേവാ സംഘം ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡണ്ട് ആണ്. ചേമഞ്ചേരി യു. പി സ്കൂൾ അധ്യാപകൻ ആയിരുന്നു. ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സമരസ്മാരക പുന:സ്ഥാപന കൂട്ടായ്മ, ചരിത്ര സ്മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതി എന്നിവയുടെ നേതൃനിരയിൽ സജീവമായിരിക്കെയാണ് ആകസ്മികമായ നിര്യാണം.

ഭാര്യ: സൗമിനി. മക്കൾ: ശ്യാമ (കോഴിക്കോട് യൂണിവേഴ്സിറ്റി), സൗമ്യ (ബംഗളൂരു), സൂര്യ. മരുമക്കൾ: നവനീത് (അധ്യാപകൻ, ഗവ: ഹയർ സെക്കൻഡറി സ്കൂൾ കൊയിലാണ്ടി), മായങ്ക് (ബാംഗ്ലൂരു). സഹോദരങ്ങൾ: വാസു നായർ കെ, പരേതരായ ഭാസ്കരൻ നായർ കെ, ശ്രീധരൻ കെ.



