ചേരാനല്ലൂര്‍ വാഹനാപകടം: ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
.
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പ്രതിയായ 17 കാരന്റെ പിതാവായ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കിയ സര്‍ക്കാരിനെതിരെ പരിഹസിക്കുന്ന സമീപനവും ഹൈക്കോടതിയില്‍ നിന്നുണ്ടായി. വിശദമായ മറുപടി നല്‍കിയതിലാണ് സര്‍ക്കാരിനെ പരിഹസിച്ച് ഹൈക്കോടതി രംഗത്ത് വന്നത്. ഏതാണ്ട് 16 പേജുള്ള മറുപുടി സത്യാവാങ്മൂലമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ എല്ലാ ജാമ്യാപേക്ഷയിലും വിശദമായ മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ പരിഹാസം. എന്തിനാണ് 16 പേജിന്റെ മറുപടിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഇത് എങ്ങനെയാണ് പ്രത്യേക കേസാകുന്നത്? സര്‍ക്കാരിന് എന്താണ് ഇത്ര താല്‍പര്യം? സാമൂഹിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണോ? നിങ്ങള്‍ക്ക് ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യണോ? എന്നതടക്കമുള്ള ചോദ്യങ്ങളും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ജില്ലാ ജഡ്ജിയെ ജയിലില്‍ അടച്ച് ചോദ്യം ചെയ്യണം എന്നാണോ സര്‍ക്കാരിനെന്നും ജില്ലാ ജഡ്ജി അന്വേഷണവുമായി സഹകരിക്കില്ല എന്നാണോ എന്നും ഹൈക്കോടതിയുടെ ചോദ്യമുണ്ടായി. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെങ്കില്‍ അതിനുള്ള നടപടികള്‍ ഉണ്ടാകും. ഈ കേസില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ല.

ജില്ലാ ജഡ്ജി ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ നിരീക്ഷണത്തിലെന്നും കോടതി വ്യക്തമാക്കി. അതേസമയം സുഗമമായ അന്വേഷണം നടക്കണമെന്നും, അതിനാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.



