അണ്ടർപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം 33 ദിവസം പിന്നിടുന്നു
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസിൽ പന്തലായനി – വിയ്യൂർ റോഡിൽ (കുന്ന്യോറമല) അണ്ടർപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം 33 ദിവസം പിന്നിടുന്നു. സംയുക്ത സമരസമിതി നേതൃത്ത്വത്തിൽ സമരം അനുദിനം ശക്തായാർജിച്ചുവരികയാണ്. സ്ത്രീകളും, കുട്ടികളും, പ്രായമായവരുമുൾപ്പെടെ പ്രദേശത്തെ മുഴുവനാളുകളും ഈ സമരത്തിൻ്റെ ഭാഗമായിരിക്കുകയാണ്. പന്തലായനി GHS, പന്തലായനി – വിയ്യൂർ- നടേരി റോഡിലൂടെ തലമുറകളോളം സഞ്ചരിച്ച പ്രദേശത്തെ ഏറ്റവും ബസ് റൂട്ട് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട റോഡാണിവിടെ തടസ്സപ്പെട്ടിരിക്കുന്നത്.
ജനങ്ങളുടെ നിത്യജീവിതത്തിന് അത്യന്താപേക്ഷിതമായ റേഷൻകട, അംഗൻവാടി, ഹയർ സെക്കണ്ടറി സ്കൂൾ, പ്രീ പ്രെമറി സ്ക്കൂൾ, പോലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, റെയിൽവെ സ്റ്റേഷൻ, ആരാധനാലയങ്ങൾ എല്ലാം ബൈപ്പാസിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇപ്പോൾ കിലോമീറ്ററുകളോളം നടന്നുവേണo മേൽ പറഞ്ഞ സ്ഥലങ്ങളിലെത്താൻ. ഈ ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നിലവിൽ 120 മീറ്റർ സഞ്ചരിച്ചാൽ പന്തലായനി GHS എത്താമായിരുന്നെങ്കിൽ ബൈപ്പാസ് വന്നതോട് കൂടി 4 കിലോ മീറ്ററോളം ദൂരം കാൽനടയായി സഞ്ചരിച്ചാലെ എത്തിച്ചേരാൻ സാധിക്കുകയുള്ളു.

ഈ സ്കൂളിൻ്റെ ഒരു വശത്ത് റെയിൽവെ ലൈനുo കുരുക്ക് ഇട്ടിരിക്കയാണ്. മതിയായ ഗതാഗത സൗകര്യമില്ലാത്തതിനാൽ സ്കൂളിൽ കഴിഞ്ഞ 3 വർഷമായി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവന്നിട്ടുണ്ട്. പന്തലായനി – വിയ്യൂർ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു പ്രകൃതി ദുരന്തമുണ്ടായാൽ ഒരു രക്ഷാവാഹനത്തിന് പ്രദേശത്ത് എത്തിചേരാനും പ്രയാസമാണ്. നടേരി – നടുവത്തുർ പാലത്തിന്റെ പണി കഴിയുന്നതോട് കൂടി കുറുമയിൽ താഴെ, നമ്പ്രത്കര, നടുവത്തൂർ, കീഴരിയുർ, നരക്കോട്, കുരുടിമുക്ക് എന്നി സ്ഥലങ്ങളിൽ ഉള്ളവർക്ക് കൊയിലാണ്ടി ടൗണിൽ എത്തിച്ചേരാൻ ഈ അടിപ്പാത വളരെ ഉപകാര പ്രദമാകും. അതുകൊണ്ടാണ് നാട്ടുകാർ അവരുടെ ജീവിത പ്രാരാബ്ദങ്ങൾ മാറ്റി വെച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരത്തിൽ ഒരേ മനസ്സോടെ പങ്ക് ചേരുന്നിരിക്കുന്നത്.




