പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ; എം വി ഗോവിന്ദൻ
.
പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷത്തുള്ളവരെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുന്നു. കൂട്ടിലടച്ച തത്തയുടെ മറ്റൊരു പതിപ്പാണ്. പാർട്ടിക്കെതിരായ കടന്നുകയറ്റത്തിന്റെ അവസാന ആയുധമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇഡി റെയ്ഡിനെതിരെ കേരളത്തിലെ മുഴുവൻ ബ്രാഞ്ചുകളുടേയും നേതൃത്വത്തിൽ ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിണറായിയെയും പാർട്ടിയെയും ദുർബലപ്പെടുത്താമെന്ന് വിചാരിക്കേണ്ടെന്നും അങ്ങനെ ദുർബലപ്പെടുന്നതല്ല പാർട്ടിയും പിണറായിയും എന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

പിണറായിയെ അറസ്റ്റ് ചെയ്യാനാണ് കോൺഗ്രസിനും ബിജെപിക്കും ആഗ്രഹമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. സിഎംആർഎല്ലിൽ നിന്ന് 1.72 കോടി നിയമപരമായി നികുതി അടച്ചാണ് കൈപ്പറ്റിയത്. എല്ലാ അന്വേഷണത്തോടും സഹകരിച്ചയാളാണ് വീണാ വിജയൻ. പിണറായി ഒരു വഴിവിട്ട സഹായവും മകൾക്ക് നൽകിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.

വീണയുടെ പിതാവായതുകൊണ്ടാണ് പിണറായിയെ വേട്ടയാടുന്നത്. ഭരണഘടനാ വിരുദ്ധമായി പിണറായിയെ തടഞ്ഞുവെച്ചിരിക്കുന്നു. കെട്ടിച്ചമച്ച കേസാണിതെന്നും നിയമപരമായി നേരിടുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇഡി റെയ്ഡിന് പിന്നിൽ ബിജെപി-യുഡിഎഫ് ഡീൽ നടന്നിട്ടുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന് ഡീലിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.



