സാന്ത്വന പരിചരണ പരിപാടിയിൽ ഉൾപ്പെട്ട രോഗികൾക്കും സന്നദ്ധ പ്രവർത്തകർക്കും കാപ്പാട് ബീച്ചിൽ സ്വീകരണം നൽകി
.
ചേമഞ്ചേരി: പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ സാന്ത്വന പരിചരണ പരിപാടിയിൽ ഉൾപ്പെട്ട രോഗികൾക്കും സന്നദ്ധ പ്രവർത്തകർക്കും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ കാപ്പാട് ബീച്ചിൽ സ്വീകരണം നൽകി. കുമരംപുത്തൂർ ഗ്രാമപഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായാണ് കിടപ്പ് രോഗികളും, മാറാ രോഗം ബാധിച്ചവരുമുൾപ്പെടെയുള്ള സംഘം കാപ്പാട് കടൽ തീരത്തേക്ക് വിനോദയാത്ര സംഘടിച്ചിച്ചത്.

സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി ജീവിക്കുന്നവരുടെ കണ്ണുകളിൽ ഉത്സാഹത്തിൻ്റെ തിരയിളക്കം സൃഷ്ടിക്കുന്നതായി യാത്ര. വീൽ ചെയറിൽ ജീവിതം മുന്നോട്ട് നീക്കുന്ന 20 പേർ ഉൾപ്പെടെ 70 രോഗികളും കുടുംബാംഗങ്ങളും ബേപ്പൂരിൽ ബോട്ട് യാത്രയും കഴിഞ്ഞ് കാപ്പാടെത്തിയപ്പോൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസിൻ്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ചേർന്ന് സ്വീകരിച്ചു. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സ്മിത, ആരോഗ്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജി. സുരേഷ് കുമാർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ്, ഗ്രാമപഞ്ചായത്ത് അംഗം കെ. ശ്രീനിവാസൻ, വി.ടി. വിനോദ് എന്നിവർ സംസാരിച്ചു.



