KOYILANDY DIARY

The Perfect News Portal

വയനാട്‌- കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം  നവീകരണത്തിനായി ഇന്നുമുതൽ  അടയ്‌ക്കും

മാനന്തവാടി: വയനാട്‌ – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം  നവീകരണത്തിനായി ഇന്നുമുതൽ  അടയ്‌ക്കും. 31വരെ ചുരത്തിൽ പൂർണമായി ഗതാഗതം  നിരോധിച്ചതായി കേരള റോഡ്‌ ഫണ്ട്‌ ബോർഡ്‌ (കെആർഎഫ്‌ബി) എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. 85 ലക്ഷം രൂപ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ അറ്റകുറ്റപ്പണി നടത്തുന്നത്‌. ടാറിങ്ങും ഇന്റർലോക്കിങ്ങും ഉൾപ്പെടെയാണ്‌ പ്രവൃത്തി. പലയിടങ്ങളിലും റോഡ്‌ പൂർണമായി തകർന്ന നിലയിലാണ്‌. മഴക്കാലത്തിന്‌ മുമ്പ്‌ അറ്റകുറ്റപ്പണി പൂർത്തിയാക്കും.
ചുരം നവീകരണത്തിനുള്ള 35 കോടിയുടെ കിഫ്‌ബി പദ്ധതിക്കും ഭരണാനുമതിയായിട്ടുണ്ട്‌. സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കയാണ്‌. സാങ്കേതികാനുമതി ലഭിച്ചാൽ ഉടൻ ടെൻഡർ ചെയ്യും. വരുന്ന വർഷക്കാലത്തിന്‌ ശേഷമേ ഈ പ്രവൃത്തി ആരംഭിക്കാനാവൂ. അപ്പോഴേക്കും റോഡ്‌ പൂർണമായി തകരുകയും ഗതാഗതം അസാധ്യമാകുകയും ചെയ്യുമെന്നതിനാലാണ്‌ 85 ലക്ഷം വിനിയോഗിച്ച്‌ അത്യാവശ്യപ്രവൃത്തികൾ ചെയ്യുന്നത്‌.  കെആർഎഫ്‌ബിക്ക്‌ തന്നെയാണ്‌ 35 കോടി രൂപയുടെ പ്രവൃത്തിയുടെ ചുമതലയും.
Advertisements
ഈ പദ്ധതിയിൽ  ബോയ്‌സ്‌ ടൗൺ മുതൽ കണ്ണൂരിലെ അമ്പയാത്തോടുവരെയുള്ള 6.27 കിലോമീറ്ററാണ്‌ നവീകരിക്കുക. 3.27 കിലോമീറ്ററാണ് പാൽച്ചുരം. സുരക്ഷാമതിലുകളും കൈവരികളും നിർമിക്കും. മാനന്തവാടിയിൽനിന്ന് ഇരിട്ടിയിലേക്കുള്ള എളുപ്പവഴികൂടിയാണിത്‌. ധാരാളം വയനാട്ടുകാരും കണ്ണൂരുകാരും ആശ്രയിക്കുന്ന പാതയാണ്‌. കെഎസ്‌ആർടിസി സർവീസുമുണ്ട്‌. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ളവരും ഇതുവഴിയാണ്‌ പോകുന്നത്‌.
ചുരത്തിൽകൂടിയുള്ള നിലവിലെ യാത്ര ഞാണിന്മേൽ കളിയാണ്‌. ഒരുഭാഗം അഗാധമായ കൊക്കയും മറുഭാഗം വൻ പാറകൾ തൂങ്ങിയ മലയുമാണ്‌. ഇതിനിടയിലൂടെ വളഞ്ഞുതിരിഞ്ഞാണ്‌ പാത. അഞ്ച്‌ പ്രധാന മുടിപ്പിൻ വളവുകളാണുള്ളത്‌. മറ്റു നിരവധി ചെറിയ വളവുകളും. മഴക്കാലമായാൽ ദുർഘട യാത്രയാണ്‌. മണ്ണും പാറക്കെട്ടുകളും ഏത്‌ നിമിഷവും ഇടിഞ്ഞുവീഴാം.