വീണ്ടും ‘മിസ’ നാടകം: നാളെ പൊതുസമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്ഐ
.
തിരുവനന്തപുരം: മിസ നാടകം വീണ്ടും പൊതുസമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. മിസ നാടകത്തിന്റെ പേരില്‍ സംഘടനയെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. നാളെ നാടകം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. നാടകത്തിലെ രംഗങ്ങള്‍ മറ്റു പാട്ടിട്ട് വക്രീകരിച്ചു നല്കി, മനോവൈകൃതത്തിനനുസരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലീഗിന്റെയും പ്രവര്‍ത്തകരും നേതാക്കളും ആണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. എംഡിഎംഎ ലഹരി മാഫിയ സംഘം ആണോ ഈ വൃത്തികെട്ട പ്രചരണം നടത്തുന്നതെന്നും’ ചോദ്യമുയര്‍ന്നു. ബിജെപിയുടെ കാസര്‍ഗോഡ് ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പടെ എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നും ചരിത്ര വിരോധത്തിന്റെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ലീഗും എല്ലാം ഐക്യപ്പെടുന്നു എന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.നാടകത്തിനെതിരെ നടക്കുന്ന സദാചാര ആക്രമണത്തിൽ പ്രതികരണവുമായി നടന് ജോയ് മാത്യു രംഗത്ത് വന്നു.

മിസ നാടകത്തെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ലോകം മാറുന്നതിനൊപ്പം കലാരൂപങ്ങളിലും മാറ്റം സംഭവിക്കും. ഇത് മനസ്സിലാക്കാത്ത ലൈംഗിക വിഷാദം അനുഭവിക്കുന്ന കപട സദാചാരവാദികളാണ് ബഹളമുണ്ടാക്കുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ഡിവൈഎഫ്ഐയുടെ നാടകത്തെ സമഗ്രതയില്‍ ആസ്വദിക്കാന്‍ കഴിയാതെ ലൈംഗിക ദാരിദ്രം അനുഭവിക്കുന്നവരാണ് വിമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷി ശില്പം കണ്ട് നെറ്റിചുളിച്ച കപടസദാചാരവാദികള്‍ക്ക് ഇപ്പോഴും ബസ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ് ‘മിസ’ നാടകം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തിന് എതിരെ വലിയ സദാചാര ആക്രമണമാണ് ഉയർന്നത്. നാടകത്തിലെ ഒരു ഭാഗം മാത്രം തെരഞ്ഞുപിടിച്ച് വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ മട്ടന്നൂര്‍ എംഎല്‍എയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ വി കെ സനോജ് രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
മുന്‍പ് കോട്ടയത്തുവെച്ച് നടന്ന സര്‍വകലാശാല കലോത്സവത്തില്‍ സ്നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തുവന്നത് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു സനോജ് വിമര്‍ശനം ഉന്നയിച്ചത്. നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ലെന്ന് പ്രഖ്യാപനം നടത്തുകയും അതിനെ മറികടന്ന് നന്ദന പരിപാടിയില്‍ പങ്കെടുത്തതുമെല്ലാം സനോജ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അന്ന് മാളത്തില്‍ ഒളിച്ച കോണ്‍ഗ്രസ് പിന് തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തരാവസ്ഥയെന്നും സ്നേഹലത റെഡ്ഡിെയെന്നും കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികമാണെന്ന് സനോജ് പറഞ്ഞു.



