യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം: ഇരട്ട ഗോളടിച്ച് ഹാളണ്ട്
.
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി പോർട്ടയെ പരാജയപ്പെടുത്തിയത്. സൂപ്പർ സ്രെെക്കർ എർളിങ് ഹാളണ്ടാണ് സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചെങ്കിലും 47-ാം മിനിറ്റിൽ ഒരു മികച്ച ഹെഡ്ഡരിലൂടെ ഹാളണ്ട് എതിരാളികളുടെ വലകുലുക്കി.

എൻസോ ഫെർണാണ്ടസിൻ്റെ ഒരു മികച്ച ക്രോസിലാണ് ഹാളണ്ട് ഗോൾ നേടിയത്.പിന്നീട് മത്സരത്തിലെ 91-ാം മിനിറ്റിൽ അൾജീരിയയുടെ റയാൻ ഐറ്റ് നൂരി നൽകിയ മാന്ത്രിക പാസിലൂടെ ഹാലണ്ട് വീണ്ടും എതിരാളിയുടെ വല കുലുക്കി. മത്സരം ഹാളണ്ടിന് സമ്മാനിച്ചത് ഇരട്ടി മധുരമാണ്. ചാമ്പ്യൻസ് ലീഗിലെ 59 മത്സരത്തിൽ നിന്ന് 59 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

ഇതോടെ ടൂർണമെന്റ് ചരിത്രത്തിലെ എക്കാലത്തെയും ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ ജർമനിയുടെ ബയേൺ മ്യൂണിക് സൂപ്പർ താരം തോമസ് മുള്ളറെയാണ് താരം മറികടന്നിരിക്കുന്നത്. എന്നാൽ വിവാദങ്ങൾക്കും വേദിയായിരിക്കുകയാണ് പോർട്ട – സിറ്റി മത്സരം. പോർട്ടോയ്‌ക്കെതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സിറ്റി താരം എർലിങ് ഹാലൻഡും പോർട്ടോ മിഡ്ഫീൽഡർ പാബ്ലോ റൊസാരിയോയും തമ്മിലാണ് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.

മത്സരത്തിന്റെ 91-ാം മിനിറ്റിൽ ഹാലൻഡ് തന്റെ രണ്ടാം ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, പോർട്ടോ താരം പാബ്ലോ റൊസാരിയോ ഹാലൻഡിനെതിരെ ഒരു ലേറ്റ് ടാക്കിൾ നടത്തുകയും താഴെയിടുകയും ചെയ്തു. ഇതിൽ പ്രകോപിതനായ നോർവീജിയൻ താരം രൂക്ഷമായി പ്രതികരിച്ചതോടെയാണ് ഇരുതാരങ്ങളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയുമായി മാറിയത്.
ഇരു ടീമുകളിലെയും മറ്റ് കളിക്കാരും മൈതാനത്തേക്ക് എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഉടൻതന്നെ ഇടപെട്ട റഫറി ഇരുവർക്കും മഞ്ഞക്കാർഡ് നൽകി രംഗം ശാന്തമാക്കുകയായിരുന്നു. എല്ലാ ടൂർണമെന്റുകളിലുമായി സിറ്റിയുടെ തുടർച്ചയായ നാലാം വിജയമാണിത്. ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർമെനുമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.



