സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത
.
സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും.

അതിനാൽ പുറത്തിറങ്ങുമ്പോൾ അടക്കം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. കുട, സൺ ഗ്ലാസ്, അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കണം. നിർജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണമെന്ന് മുന്നറിയിപ്പ്. അതേസമയം സംസ്ഥാനത്ത് ചൂടിന് ശമനമായി നാളെ മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




