മെസിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപനവുമായി ലിയാൻഡ്രോ പരെഡെസ്
.
ലയണൽ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിട പറയാനൊരുങ്ങി അര്‍ജന്റീന താരം ലിയാൻഡ്രോ പരെഡെസ്. ലോകകപ്പ് ഫൈനലിനുശേഷമുള്ള കൈയാങ്കളിയുടെ പേരില്‍ നിലവില്‍ 10 മത്സര വിലക്ക് നേരിടുന്ന ബോക ജൂനിയേഴ്സ് താരമായ പരെഡെസ് ഇനി രാജ്യാന്തര ഫുട്ബോളിലേക്ക് മടങ്ങിയെത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് 32കാരനായ പരെഡെസ് തന്നെയാണ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

പരിശീലകൻ ലിയോണൽ സ്കലോണിയുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ ലിയോ ഇല്ലാതെ ഇനി കാര്യങ്ങൾ പഴയതു പോലെയാകില്ലെന്നും പരെഡെസ് കൂട്ടിച്ചേർത്തു. ദേശീയ ടീമിൽ തുടരുക എന്നത് ഇനി പ്രയാസകരമായിരിക്കുമെന്നും പരിശീലകനുമായി സംസാരിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് പരെഡെസ് വ്യക്തമാക്കിയത്. ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പരെഡെസിന്റെ പ്രതികരണം.

ലോകകപ്പ് ഫൈനലിൽ സ്പെയിനോട് അർജന്റീന തോറ്റതിന് പിന്നാലെ ഗ്രൗണ്ടിൽ നടന്ന സംഘർഷത്തിൽ പങ്കാളിയായതിനെ തുടർന്ന് ഫിഫ പരെഡെസിന് 10 മത്സരങ്ങളിൽ നിന്ന് വിലക്കും വലിയ തുക പിഴയും ചുമത്തിയിരുന്നു. സ്പാനിഷ് താരങ്ങളായ ഗാവി, എറിക് ഗാർസിയ എന്നിവരുമായുള്ള ഏറ്റുമുട്ടലാണ് പരെഡെസിന് തിരിച്ചടിയായത്. മെസിയുടെ വിരമിക്കലിന് പിന്നാലെ പുതിയ ഒരു യുഗത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് അർജന്റീന. മെസിയുടെ അഭാവത്തിൽ ഇനി ടീമിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ.




