ഗ്രാൻഡ് ചെസ് ടൂർ: കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ
.
ഗ്രാൻഡ് ചെസ് ടൂറിൽ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ. യു എസിൽ നടന്ന മത്സരത്തിൽ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കന്നി ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടിയത്. തുടക്കത്തിൽ ആറ് പോയിന്റ് പിന്നിലായിരുന്ന പ്രഗ്നാനന്ദ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് കിരീട നേട്ടം സ്വന്തമാക്കിയത്. കിരീട നേട്ടത്തോടൊപ്പം വമ്പൻ സമ്മാനത്തുകയും താരത്തിന് ലഭിക്കും. രണ്ടു ലക്ഷം യു എസ് ഡോളർ ഏകദേശം 1.6 കോടി രൂപയാണ് സമ്മാനത്തുക.

ആറ് പോയിന്റ് പിന്നിലായിരുന്ന പ്രഗ്നാനന്ദ രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ചാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ബ്ലിറ്റ്സിൽ ആധിപത്യം സ്ഥാപിച്ചതോടെ പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കുകയായിരുന്നു. ആദ്യ ക്ലാസിക്കൽ മത്സരത്തിൽ 6-0ത്തിന് പിന്നിലായിരുന്ന പ്രഗ്നാനന്ദ ബുധനാഴ്ച മത്സരം ആരംഭിച്ചപ്പോൾ രണ്ടാമത്തെ ക്ലാസിക്കൽ മത്സരത്തിൽ 3-3ന് സമനില പിടിക്കുകയായിരുന്നു. പിന്നീട് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു. അതേസമയം ബ്ലീറ്റ്സ് പോരാട്ടത്തിൽ സമയക്കുറവ് മൂലം പ്രഗ്നാന്ദയ്ക്ക് ഉണ്ടായ പിഴവ് മുതലാക്കാനും ഫാബിയാനോയിക്ക് സാധിച്ചില്ല. റാപ്പിഡ് മത്സരത്തിൽ ലീഡ് നേടിയ പ്രഗ്നാനന്ദ ലീഡ് നഷ്ടമാകാതെ ബ്ലീറ്റ്സ് മത്സരങ്ങളുടെ ഘട്ടം മറികടക്കുകയും ചെയ്തു.




