KOYILANDY DIARY.COM

The Perfect News Portal

പുരാവസ്‌തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് കെ. സുധാകരനെ ചോദ്യം ചെയ്ത് തുടങ്ങി

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് കെ. സുധാകരനെ ചോദ്യം ചെയ്ത് തുടങ്ങി. പുരാവസ്‌തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിലാണ്  സുധാകരനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യിലിനെത്തിയ സുധാകരൻ മാധ്യമങ്ങളോട് ക്ഷോഭിക്കുകയും തട്ടിക്കയറുകയും ചെയ്തു.

തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ വർഷങ്ങളായി നിരന്തരബന്ധം പുലർത്തിയതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചതായി സൂചനയുണ്ട്. സുധാകരന്റെ അറസ്‌റ്റിലേക്കുവരെ നയിക്കുന്ന തെളിവുകൾ ലഭിച്ചെന്നാണ്‌ റിപ്പോർട്ടുകൾ. മോൻസണുമായുള്ള ബന്ധം, മോന്‍സണിന്റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്റെ ലക്ഷ്യം തുടങ്ങിയവയിൽ ക്രൈം ബ്രാഞ്ച് വ്യക്തത വരുത്തും. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൻസണെ കഴിഞ്ഞ ദിവസവും സുധാകരൻ ന്യായീകരിച്ചിരുന്നു.

എംപി ആകുന്നതിനുമുമ്പ്‌ 2018ലും 2019ൽ എംപിയായശേഷവും സുധാകരൻ മോൻസണുമായി നിരന്തര സമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളി വിവരങ്ങളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസൺ അറസ്‌റ്റിലായ 2021 വരെയും സുധാകരൻ അടുത്തബന്ധം തുടർന്നിരുന്നു. മോൻസണിന്റെ ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ്‌ ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്‌. 2018ൽ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ചപ്പോഴുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്‌.

2019ൽ സുധാകരൻ എംപിയായശേഷവും മോൻസണിന്റെ വീട്ടിൽ വന്നതിന്റെ ചിത്രങ്ങളും ലഭിച്ചതായാണ്‌ സൂചന. ചില പൊതു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ്‌ സുധാകരൻ മോൻസണിനെ സന്ദർശിച്ചത്‌. ഈ പരിപാടികളുടെ തീയതിയും വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചു. മറ്റൊരു പരാതിക്കാരനായ തൃശൂർ സ്വദേശി അനൂപ്‌ മുഹമ്മദിനെയും ക്രൈംബ്രാഞ്ച്‌ ആസ്ഥാനത്തേക്ക്‌ വിളിപ്പിച്ചിട്ടുണ്ട്‌.

Share news
error: Content is protected !!