പച്ചക്കറിയ്ക്ക് തീപിടിച്ച വില; ഓണത്തിന് വിപണിയിൽ കൈപൊള്ളി മലയാളികൾ
.
പച്ചക്കറിവില കുതിച്ചുയർന്നിട്ടും നോക്കുകുത്തിയായി സംസ്ഥാന സർക്കാർ. ഓണക്കാലം അടുത്തെത്തി നിൽക്കെ പച്ചക്കറി വിപണിയിൽ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓണം വരെ ഇനി വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സവാള കിലോ 40, ക്യാരറ്റ് 80, ബീൻസ് 100, ഇഞ്ചി, വെളുത്തുള്ളി 200 കടന്നു. ഇങ്ങനെ പച്ചക്കറി വില കേട്ടാൽ കണ്ണ് തള്ളും.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8 മുതൽ 40 രൂപ വരെയാണ് പച്ചക്കറികൾക്ക് വർധനയുണ്ടായത്. കാലാവസ്ഥ പ്രതികൂലമായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണമെന്നാണ് വാദം. എന്നാൽ നേരത്തെ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സർക്കാർ അതിൽ കാര്യക്ഷമമായി ഇടപെട്ട് വില നിയന്ത്രിക്കുമായായിരുന്നു. എന്നാൽ ഇത്തവണ അത്തരം ഒരു ഇടപെടലും വിപണിയിൽ ഉണ്ടായിട്ടില്ല എന്ന് കച്ചവടക്കാർ തന്നെ സമ്മതിക്കുന്നു. ഓണമടുക്കുന്നതോടെ പച്ചക്കറി വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് സാധാരണക്കാർ.




