ബൈപ്പാസിൽ കയറിയാൽ തെക്കും വടക്കും തിരിയൂല.. അറിയിപ്പ് ബോർഡുകൾ വെക്കണം

അറിയിപ്പ് ബോർഡുകളില്ല.. ബൈപ്പാസിൽ കയറിയാൽ തെക്കും വടക്കും തിരിയൂല.. പന്തലായനി ഭാഗത്തുകൂടെയുള്ള യാത്ര ദുഷ്കരം. ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായാണ് പന്തലായനി പ്രദേശത്തുകാർക്കും സമീപ പ്രദേശത്തുകാർക്കും ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നത്. പലയിടത്തും സർവ്വീസ് റോഡുകൾ കാണാനില്ല. പഴയ ടാർ റോഡിലൂടെ ബൈപ്പാസ് സർവ്വീസ് റോഡിലേക്ക് കയറിയാൽ എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് തിരിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ വഴിതെറ്റിവന്ന് ചതിക്കുഴികളിൽപ്പെടുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

നിലവിൽ കലുങ്ക് നിർമ്മാണത്തെ തുടർന്ന് വിയ്യൂർ-പന്തലായനി പ്രദേശങ്ങളിൽ നിന്നും ഗേൾസ് സ്കൂളിലേക്കും കൊയിലാണ്ടിയിലേക്കും പോകുന്ന റോഡ് കീറി മുറിച്ച് ഗതാഗതയോഗ്യമല്ലാതായി കിടക്കുകയാണ്. പന്തലായനി കൂമൻതോട് റോഡിലെ അക്വടക്ടറ്റിന് സമീപം നാട്ടുകാർക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിട്ടുള്ളത്. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ചെളിയിൽ വീണ് അപകടത്തിൽപ്പെടുന്നത്. ഇതോടെ കുട്ടികളുടെ അധ്യായനം മുടങ്ങുന്നതും പതിവായിരിക്കുകയാണ്.
Advertisements

റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവർക്കും മറ്റും ഊടുവഴികളിലൂടെ പോകാമെന്ന് വെച്ചാൽ അതും വലിയ പ്രയാസമാണ്. കാൽനടയാത്രക്കാർക്കു പോലും കടന്നു പോകാൻ കഴിയാതെ സർവ്വത്ര ചളിമയമായിരിക്കുകയാണ് ഇവിടങ്ങളിലെല്ലാം. വഴിയറിയാതെ വരുന്നവർ വീണ് ഉരുളുന്നത് പതിവാണ്. ഇതിന് സമീപമുള്ള ഊടുവഴിയിലൂടെ (കോൺക്രീറ്റ് ചെയ്യാത്ത ഫുട്പാത്ത്) കടന്ന് പോവുന്ന വാഹനയാത്രക്കാരാവട്ടെ ചെളിയിൽ ബാലൻസ് കിട്ടാതെയും മറുവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ശ്രമിക്കുമ്പോഴും ഓടയിലേക്ക് മറിഞ്ഞു വീഴുന്നതും പതിവായി.

എന്നാൽ വെള്ളിലാട്ട് താഴെ വഴി കടന്ന് പോയാൽ കൊല്ലത്തേക്കും വിയ്യൂരേക്കും തിരിച്ച് കൊയിലാണ്ടിയിലേക്കും അമ്പ്രമോളി കനാൽ പരിസരത്തേക്കും എത്തി്ചചേരാൻ സാധിക്കും എന്നാൽ എവിടെയും ഒരു അറിയിപ്പ് ബോർഡ് ഇല്ലാത്തത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. അതാത് പ്രദേശത്തെ നഗരസഭ കൌൺസിലർമാരും റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും ആലോചിച്ചാൽ ഈ പ്രശ്നം പരിഹരിക്കാനാകും.
