കൊയിലാണ്ടിയിൽ 10 ലക്ഷംരൂപ തട്ടിയെടുത്ത വിസ തട്ടിപ്പ് സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിൽ

കൊയിലാണ്ടിയിൽ വിസ തട്ടിപ്പ് നടത്തി പലരിൽനിന്നായി 10 ലക്ഷത്തോളം രൂപ കൈക്കലാക്കിയ സംഘത്തിലെ പ്രധാനി കോട്ടയത്ത് മുരിക്കാശ്ശേരി പോലീസിൻ്റെ പിടിയിലായി. മലപ്പുറം വെള്ളിമുക്ക് സ്വദേശി മാളിയേക്കൽ മൊയ്തീൻ്റെ മകൻ മുസ്തഫ (54) ആണ് അറസ്റ്റിലായത്. ഇവരുടെ സഹായി കൊയിലാണ്ടിലെ ഓഫീസിൽ ജോലിചെയ്തിരുന്ന സിന്ധു എന്ന സ്ത്രീയെ പോലീസ് അന്വേഷിച്ചുവരുന്നു. ഏറ്റുമാനൂർ ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ മുരിക്കാശ്ശേരി പോലീസാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. 50,000 മുതൽ ഒരു ലക്ഷം രൂപവരെയാണ് പലർക്കും നഷ്ടപ്പെട്ടത്.

സമാന രീതിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും മുംബൈയിൽ നിന്നും ലക്ഷങ്ങളുടെ വെട്ടിപ്പാണ് സംഘം നടത്തിയത്. സൌദിയിലേക്കുള്ള വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൊയിലാണ്ടി മേഖലയിൽ നിന്ന് 15 പേരുടെ കൈയിൽ നിന്നായി തുക കൈപ്പറ്റിയശേഷം ഇവരിലെ 9 പേരുടെ ആദ്യ ബാച്ച് മുംബൈയിലെത്തി സൌദിയിലേക്ക് വിമാനം കയറാമെന്നും ഉറപ്പ്കൊടുക്കുകയുമായിരുന്നു.


തുടർന്ന് ഇവർ മുബൈയിൽ എത്തി ഇവരെ നേരിൽ കണ്ടിരുന്നെങ്കിലും പിറ്റേ ദിവസം മുതൽ ഇവർ ഓരോ കാരണം പറഞ്ഞ് കബളിപ്പിക്കുകയായിരുന്നെന്ന് പരാതിക്കാർ പറഞ്ഞു. പിന്നീട് അവരെ കണ്ടെത്താനും സാധിച്ചില്ല. അങ്ങിനെ 23 ദിവസം മുംബൈയിൽ കഴിയേണ്ടി വരികയും ഇത് തട്ടിപ്പാണെന്ന് മനസിലാക്കി നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. നാട്ടിലെത്തിയശേഷം കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കൊയിലാണ്ടി ശോഭിക ടെക്സ്റ്റൈൽസിന് സമീപത്തുള്ള സ്റ്റീൽ ഇന്ത്യ കെട്ടിടത്തിനു മുകളിലായിരുന്നു ഇവരുടെ ഓഫീസ് പ്രവർത്തിച്ചത്. അവിടെ പോലീസ് പരിശോധനക്കെത്തിയെങ്കിലും സ്ഥാപനം പൂട്ടി ഉടമയും ജീവനക്കാരും മുങ്ങിയിരുന്നു.


തുടർന്നാണ് കൊയിലാണ്ടി പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിടയിൽ കഴിഞ്ഞ ദിവസം കോട്ടയം പോലീസ് ഇവരെ പിടികൂടിയ വിവരം കൊയിലാണ്ടി പോലീസിനെ അറിയിക്കുന്നത്. പ്രതിയെ പിന്നീട് കൊയിലാണ്ടിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

