KOYILANDY DIARY

The Perfect News Portal

രാജ്യത്ത്‌ ആദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ക്ഷേമനിധി സംസ്ഥാനത്ത്‌ യാഥാർഥ്യമായി

പാലക്കാട്‌: രാജ്യത്ത്‌ ആദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ക്ഷേമനിധി സംസ്ഥാനത്ത്‌ യാഥാർഥ്യമായി. സംസ്ഥാനത്ത്‌ ആദ്യമായി  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ പാലക്കാട്‌ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആദ്യത്തെ ക്ഷേമനിധി അംഗത്വ കാർഡ്‌ അട്ടപ്പാടി അഗളിയിലെ  രുഗ്‌മിണിക്ക്‌ മുഖ്യമന്ത്രി കൈമാറി. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി.

പെൻഷൻ, വിവാഹ ധനസഹായം, പഠനസഹായം ഉൾപ്പെടെ  തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമനിധി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഗുണഫലം ലഭിക്കും. 18 വയസ് പൂർത്തിയായതും 55 വയസ് കഴിയാത്തവരുമായവർക്ക്‌ അംഗത്വത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന വർഷമോ തൊട്ടുമുമ്പുള്ള  രണ്ടുവർഷങ്ങളിലോ ഒരുവർഷം കുറഞ്ഞത് 20 ദിവസമെങ്കിലും തൊഴിലിൽ ചെയ്‌തവർക്ക്‌ അംഗങ്ങളാകാം. തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും.

Advertisements

പാലക്കാട് കോട്ടമൈതാനത്ത്  നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്‌ പദ്ധതി വിശദീകരിച്ചു. എ പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ ബിനുമോൾ,  കലക്ടർ  ഡോ. എസ്‌ ചിത്ര എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡ്‌ ചെയർമാൻ എസ്‌ രാജേന്ദ്രൻ സ്വാഗതവും സിഇഒ ചുമതലയുള്ള എ ലാസർ നന്ദിയും പറഞ്ഞു.

Advertisements