KOYILANDY DIARY.COM

The Perfect News Portal

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയ്ന്‍ ക്വാര്‍ട്ടറില്‍

.

ഫിഫ ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗലിനെ തകര്‍ത്ത് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇഞ്ചുറി ടൈമില്‍ പകരക്കാരനായി എത്തിയ മിക്കേല്‍ മെറീനൊയാണ് വിജയഗോള്‍ നേടിയത്.  ഇഞ്ചുറി ടൈമിലെ ഗോളിലൂടെ പോര്‍ച്ചുഗലിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് സ്പാനിഷ് പട ക്വാര്‍ട്ടറിലെത്തിയത്. ഡാലസിലെ കരുത്തരുടെ പോരാട്ടത്തില്‍ ആദ്യം ആക്രമിച്ച് തുടങ്ങിയത് സ്‌പെയിന്‍ തന്നെയായിരുന്നു.

 

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സ്പാനിഷ് മുന്നേറ്റനിര ചോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് ഇരമ്പിയാര്‍ത്തു. കളിയുടെ എട്ടാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മിക്കേല്‍ ഒയര്‍സബാല്‍ പാഴാക്കി. വലത് വിങ്ങിലൂടെ യുവതാരം ലമീന്‍ യമാലും ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും പോര്‍ച്ചുലിന്റെ പ്രതിരോധനിര തട്ടിയകറ്റി. ഗോള്‍ കീപ്പര്‍ ഡീയോഗോ കോസ്റ്റയുടെ മിന്നുന്ന സേവുകളാണ് പോര്‍ച്ചുഗലിന് രക്ഷയായത്.

 

രണ്ടാം പകുതിയില്‍ കളിയുടെ താളം വീണ്ടെടുക്കാന്‍ പോര്‍ച്ചുഗല്‍ ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. അമ്പത്തിയഞ്ചാം മിനുറ്റില്‍ പരുക്കേറ്റ് പോര്‍ച്ചുഗല്‍ പ്രതിരോധ താരം നൂനോ മെന്‍ഡിസ് കളംവിട്ടതോടെ സ്‌പെയിന്‍ ആക്രമണം ശക്തമാക്കി. 74-ാം മിനുറ്റില്‍ ലമീന്‍ യമാലിന്റെ ഫ്രീക്കിക്ക് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. കളി അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഡാനി ഓല്‍മോയ്ക്ക് പകരക്കാരനായി മിക്കേല്‍ മെറീനൊ കളത്തിലെത്തിയത്.

 

ഒടുവില്‍ സ്പാനിഷ് ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. ഇഞ്ചുറി ടൈമില്‍ ഫെറാന്‍ ടോറസ് നല്‍കിയ പാസ് മിക്കേല്‍ മെറീനൊ ലക്ഷ്യത്തിലെത്തിച്ചു. അങ്ങനെ ആറാം ലോകകപ്പിലും കിരീടമില്ലാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മടക്കം. വലിയ താരനിരയുമായി വന്ന പോര്‍ച്ചുഗല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്ത്.

Share news
error: Content is protected !!