കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി: SFI യൂണിറ്റ് സെക്രട്ടറിയെ ക്യാംപസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കി
.
കാലിക്കറ്റ് സർവകലാശാലയിൽ ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഭിനന്ദിനെ പുറത്താക്കി. അഭിനന്ദിനെതിരെ പ്രതികാര നടപടി സ്വീകരിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. അഭിനന്ദിനെ ക്യാമ്പസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്നുമാണ് പുറത്താക്കിയത്. അഭിനന്ദിനെ തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സഞ്ജീവ് പറഞ്ഞു.

അതേസമയം, എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷിൻ്റെ പരിപാടിക്ക് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഇക്കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു. സർവ്വകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന ഷീ ഫെസ്റ്റ് പരിപാടിക്കാണ് അനുമതി നിഷേധിച്ചത്.

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിന് വൈസ്ചാൻസലർ അനുമതി നിഷേധിച്ചത് വ്യാപക പ്രതിഷേധത്തിന് കാരണമായി. എന്നാൽ, പ്രതിഷേധങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഐഷി ഘോഷിനെ പങ്കെടുപ്പിച്ചുക്കൊണ്ട് എസ്എഫ്ഐ പരിപാടി നടത്തിയിരുന്നു.




