KOYILANDY DIARY.COM

The Perfect News Portal

ആഫ്രിക്കയിൽ ഭീതി സൃഷ്ടിച്ച് എബോള

.

ആഫ്രിക്കയിൽ ഭീതി സൃഷ്ടിച്ചുകൊണ്ട് എബോള പടർന്നു പിടിക്കുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇതിനോടകം 11,000ത്തിലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിക്കുകയും 5300ലധികം ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. പരിമിതമായ ആരോഗ്യ സംവിധാനങ്ങൾ, ഗതാഗത ബുദ്ധിമുട്ടുകൾ എന്നിവ രോഗം നിയന്ത്രിക്കാനുള്ള നീക്കങ്ങൾക്ക് വെല്ലുവിളിയും സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉയരുന്ന മറ്റൊരു ആശങ്കയാണ് രോ​ഗം കോവിഡ് 19 പോലെ ഇന്ത്യയിലും പടർന്നു പിടിക്കുമോ എന്നത്.

 

മറ്റൊരു മഹാമാരിക്ക് രാജ്യം സാക്ഷിയാകേണ്ടി വരുമോ എന്ന്. എന്നാൽ, കോവിഡ് പോലെ എബോളയെ ഭയക്കേണ്ടതില്ലാ എന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായം. തത്ക്കാലം ഭയപ്പെടേണ്ട സാഹചര്യമില്ലാ എന്ന് വിദ​ഗ്ധർ പറയുമ്പോഴും ജാഗ്രതയും ശക്തമായ പരിശോധനയും ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എബോള വൈറസ് കോവിഡ് പോലെ വായുവിൽ പടരുന്ന രോ​ഗമല്ല. രോ​ഗി ചുമക്കുന്നതിലൂടെയോ അടുത്ത് നിൽക്കുന്നത് വഴിയോ ഈ രോ​ഗബാധ പടരില്ല.

 

രോഗബാധിതരായ ആളുകളുടെയോ മൃഗങ്ങളുടെയോ രക്തം, മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമാണ് ഈ വൈറസ് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുള്ള 2 മുതൽ 21 ദിവസം വരെയുള്ള ഇൻകുബേഷൻ കാലയളവിലും രോഗം മറ്റുള്ളവരിലേക്ക് പടരില്ല എന്നതും ആശ്വാസകരമാണ്. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതോടെ ശരീരസ്രവങ്ങൾ വഴി രോഗം പകരാൻ സാധ്യത ഏറെയാണ്.

 

രോഗം ബാധിച്ച് ഭേദമായ ശേഷവും ചിലരുടെ ശരീരസ്രവങ്ങളിൽ മാസങ്ങളോളം വൈറസിന്റെ സാന്നിധ്യം നിലനിൽക്കാനും സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. എബോളയുടെ ആദ്യഘട്ട ലക്ഷണങ്ങൾ മറ്റ് സാധാരണ അണുബാധകൾക്ക് സമാനമായിരിക്കും. പനി, ശരീരവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

 

എന്നാൽ രോഗം ഗുരുതരമാകുന്ന രണ്ടാം ഘട്ടത്തിൽ രോഗികളിൽ രക്തസ്രാവം കാണപ്പെടാം. വായയിലൂടെയും മലത്തിലൂടെയും രക്തം പുറത്തുവരാൻ സാധ്യതയുണ്ട്. കൂടാതെ, ത്വക്കിൽ തിണർപ്പുകൾ, ശ്വാസകോശ സംബന്ധമായ ഗുരുതരമായ പ്രശ്നങ്ങൾ, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ എന്നിവയും ഉണ്ടാകാം. എബോള ബാധിക്കുന്ന രോഗികളിൽ മരണനിരക്ക് 50 ശതമാനം വരെ ഉയർന്നേക്കാമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ സാധിക്കും.

 

മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാരെ കൃത്യമായി സ്ക്രീനിംഗിന് വിധേയമാക്കുകയും ശക്തമായ ഇൻഫെക്ഷൻ കൺട്രോൾ മാർ​ഗനിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. അനാവശ്യ ഭീതി ഒഴിവാക്കി കൃത്യമായ മുൻകരുതലുകളും ബോധവൽക്കരണവും വഴി അപകടസാധ്യത കുറയ്ക്കാനാകും.

 

Share news