KOYILANDY DIARY.COM

The Perfect News Portal

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ടി ജി മോഹൻദാസ് കസ്റ്റഡിയിൽ

.

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. വിവാദ വീഡിയോ അപ്ലോഡ് ചെയ്ത ഡിവൈസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

ടി ടി ജിസ്‌മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

 

ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലായിരുന്നു നടപടി. പരാമര്‍ശം വിവാദമായതോടെ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു.

 

ആര്‍എസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.

 

Share news
error: Content is protected !!