അനധികൃത മണ്ണെടുപ്പിന് കോടതി വിലക്ക്: തിരുവങ്ങൂർ കുനിയിൽക്കടവിൽ നാട്ടുകാർക്ക് ആശ്വാസം
.
കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് റോഡിലെ ജനവാസകേന്ദ്രത്തിൽ പെട്രോൾ പമ്പ് നിർമിക്കുന്നതിനായി മണ്ണെടുപ്പ് നടത്തുന്നത് കൊയിലാണ്ടി കോടതി ഇഞ്ചക്ഷൻ ഉത്തരവിലൂടെ തടഞ്ഞു. മണ്ണെടുപ്പ് സമീപത്തെ വീടുകൾക്ക് ഭീഷണിയാകുന്നുവെന്ന പരിസരവാസികളുടെ പരാതിയെത്തുടർന്നാണ് കോടതിയുടെ ഇടപെടൽ.

മണ്ണെടുപ്പ് തുടർന്നാൽ സ്ഥലത്തോട് ചേർന്നുള്ള നിരവധി വീടുകൾക്ക് അപകടസാധ്യതയുണ്ടാകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൂടാതെ തൊട്ടടുത്ത് നൂറോളം കുടുംബങ്ങൾക്ക് വെള്ളം എത്തിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണർ വെള്ളം വറ്റുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഇത് സംബന്ധിച്ച് എതിർപ്പുകൾ ഉയർന്നിട്ടും മണ്ണെടുപ്പ് തുടരുകയായിരുന്നുവെന്നാണ് പരാതി. ഇതോടെയാണ് പരിസരവാസികൾ കോടതിയെ സമീപിച്ചത്.

കോടതിയുടെ അനുകൂല ഉത്തരവിനെ പ്രദേശവാസികൾ ആശ്വാസത്തോടെയാണ് കാണുന്നത്. ജനവാസകേന്ദ്രങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ പരിസരവാസികളുടെ സുരക്ഷ ഉറപ്പാക്കിയും നിയമങ്ങൾ പാലിച്ചും മാത്രമേ നടത്താവൂ എന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നു.



