KOYILANDY DIARY

The Perfect News Portal

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിൽ ബൈക്കപകടം. മോഷ്ടാവ് അബോധാവസ്ഥയിൽ ആശുപത്രിയിൽ

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിൽ ബൈക്കപകടം. മോഷ്ടാവ് അബോധാവസ്ഥയിൽ ആശുപത്രിയിൽ. താമരശ്ശേരി: തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിൻ്റെ പല ചരക്ക് കടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു മോഷണം. കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ കള്ളൻ മൊബൈൽ ഫോൺ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു. രാത്രി കടയുടെ ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ട യാത്രക്കാർ കടയുടെ സമീപം താമസിക്കുന്ന ഉടമയെ വിവരമറിയിക്കുകയും തുടർന്ന് ആളുകൾ കൂടിയപ്പോൾ മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെടുകയുമായിരുന്നു.

ബൈക്കിൽ രക്ഷപ്പെട്ട മോഷ്ടാവ് കുന്ദമംഗലത്തിനടുത്ത് വെച്ച് അപകടത്തിൽപെട്ടു. ഇയാളിൽ നിന്ന് ലഭിച്ച മോഷ്ടിച്ച മൊബൈൽ ഫോണിൽ ആശുപത്രിയിലാക്കിയവർ വിളിച്ചപ്പോൾ കടയുടമ അഷ്റഫിനെയാണ് കിട്ടിയത്. അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടയുടമ അഷ്റഫ് താമരശ്ശേരി പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.