KOYILANDY DIARY

The Perfect News Portal

ദുബായിൽ മൂന്നര മാസം മുമ്പ്​ കാണാതായ കൊയിലാണ്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

ദുബായിൽ മൂന്നര മാസം മുമ്പ്​ കാണാതായ കൊയിലാണ്ടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ സതീശൻ്റെയും പ്രമീളയുടെയും മകൻ അമൽ സതീശനാണ്​ (29) മരിച്ചത്. കഴിഞ്ഞ ഒക്​ടോബർ 20 ന് ദുബായ് വർസാനിൽ അമലിൻ്റെ ജോലി സ്ഥലമായ ഇലക്ട്രിക്കൽ കമ്പനിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ അമലിനെ കാണാതാവുകയായിരുന്നു. ​തുടർന്ന് സുഹൃത്തുക്കൾ യു.എ.ഇ യിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അമലിനെ അന്വേഷിച്ച് ബന്ധുക്കൾ ദുബായിൽ എത്തുകയും ദുബായ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് മൃതദേഹം ദുബായ് മോർച്ചറിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്.  അമലിനെ ദുബായ് റാഷിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സോനാപൂരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, തമീം അബൂബക്കർ പുറക്കാട്‌, ഫൈസൽ കണ്ണോത്ത് എന്നിവർ അറിയിച്ചു.