ഏഷ്യൻ പാരാ ഗെയിംസ്: മോന അഗർവാളിന് സ്വർണം, അവനി ലേഖറയ്ക്ക് വെള്ളി
.
പാരാ ഏഷ്യൻ ഗെയിംസിൻ്റെ ആദ്യ ദിനത്തിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ താരങ്ങളായ മോന അഗർവാളും അവനി ലേഖറയും സ്വർണവും വെള്ളിയും സ്വന്തമാക്കി. ജപ്പാനിലെ ഐച്ചി–നാഗോയയിലാണ് മത്സരങ്ങൾ നടക്കുന്നത്. മോന സ്വർണം നേടിയപ്പോൾ അവനി വെള്ളി മെഡൽ നേടി. 250 പോയിന്റ് നേടിയാണ് മോന അഗർവാൾ സ്വർണം സ്വന്തമാക്കിയത്.

ഇതോടെ 2022ലെ പാരാ ഏഷ്യൻ ഗെയിംസിൽ ആറാം സ്ഥാനത്തെത്തിയ മോനയ്ക്ക് ഇത്തവണ സ്വർണത്തിലേക്ക് കുതിക്കാനായി. ഒപ്പം ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡും താരം തിരുത്തി. 249.6 പോയിന്റോടെ അവനി ലേഖറ നേരത്തെ സ്ഥാപിച്ച റെക്കോർഡാണ് മോന മറികടന്നത്. 249.6 പോയിന്റ് നേടിയ അവനി വെള്ളി മെഡൽ സ്വന്തമാക്കി. യോഗ്യതാ റൗണ്ടിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

629.1 പോയിന്റ് നേടി ഏഷ്യൻ പാരാ ഗെയിംസ് യോഗ്യതാ റെക്കോർഡ് സ്ഥാപിച്ച മോന ഒന്നാമതെത്തി. അവനി രണ്ടാം സ്ഥാനത്തായിരുന്നു. വെള്ളി മെഡലിനൊപ്പം 2028ലെ ലോസ് ആഞ്ചലസ് പാരാലിമ്പിക്സിലേക്കുള്ള ക്വാട്ടാ സ്ഥാനവും അവനി ഉറപ്പിച്ചു. ലോക ചാമ്പ്യൻഷിപ്പിലൂടെ മോന നേരത്തെ തന്നെ പാരാലിമ്പിക്സ് ക്വാട്ട നേടിയിരുന്നു.




