ഒരു മാസം മുമ്പ് നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു കിട്ടി
കൊയിലാണ്ടി: ഒരു മാസം മുമ്പ് നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് ഉട്സ്ഥന് തിരിച്ചു കിട്ടി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ശശി കുമാറിൻ്റെ പേഴ്സാണ് ഒരു മാസം മുമ്പ് കൊയിലാണ്ടി ടൗണിൽ നിന്ന് നഷ്ടപ്പെട്ടത്. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. കൊയിലാണ്ടി ടൌണിൽ നിന്ന് പേഴ്സ് മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയുടെ പക്കലായിരുന്നു ഉണ്ടായിരുന്നത്. അവർക്ക് വഴിയിൽ നിന്ന് കളഞ്ഞുകിട്ടുകയായിരുന്നു.

ഇവരുടെ വീടിനു സമീപത്തായി താമസിക്കുന്ന കരിയാ പുതിയോട്ടിൽ ഗംഗാധരൻ്റെ ഭാര്യ കമലയാണ് പേഴ്സ് മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയുടെ കൈവശം കണ്ടെത്തിയതും പോലീസിനെ അറിയിക്കുന്നതും. കമല മറ്റൊരാവശ്യത്തിനു ഈ വീട്ടിൽ എത്തിയപ്പോൾ ഇവരുടെ കൈയിൽ സംശയാസ്പദമായി ഒരു പേഴ്സ് കാണപ്പെടുകയായിരുന്നു.

ഇത് ആരുടേതെന്ന് ചോദിച്ചിട്ട് അവർ മറുപടി പറയാതായപ്പോൾ ഇവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിവിരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവരുടെ വീട്ടിൽ പോലീസ് എത്തി പേഴ്സ് ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ശശികുമാറിനെ വിളിപ്പിച്ച് പേഴ്സ് തിരികെ ഏൽപ്പിക്കുകയായിരുന്നു.




