KOYILANDY DIARY

The Perfect News Portal

വടകരയിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പിക്കപ്പ് ഡ്രൈവർ മരിച്ചു

വടകര ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന്‌ സമീപം സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് കുറ്റിയേരി സ്വദേശി പി പി അബ്ദുൾ റഷീദ്‌ (39) ആണ്‌ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് അപകടം. 
കണ്ണൂരിൽനിന്ന്‌ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ തലശേരി ഭാഗത്തേക്ക് മരച്ചീനി കയറ്റിപ്പോകുകയായിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. വടകരയിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേന പിക്കപ്പിൻറെ ക്യാബിൻ വെട്ടിപ്പൊളിച്ച്‌ ഡ്രൈവറെ പുറത്തെടുത്ത്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചോമ്പാൽ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. 
അപകടത്തിൽ പിക്കപ്പിൻറെ മുൻഭാഗം പൂർണമായി തകർന്നു. പരിക്കേറ്റ ബസ്‌ യാത്രക്കാരെ മാഹി ഗവ. ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചെറിയൂർ ശാദുലിയുടെ മകനാണ്‌ അബ്ദുൾ റഷീദ്‌.