KOYILANDY DIARY

The Perfect News Portal

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ഗുണ്ടകളുടെ ആക്രമണം

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ഗുണ്ടകളുടെ ആക്രമണം. കൂത്തുപ്പറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖാണ് ആക്രമണത്തിനിരയായത്. നാദാപുരം – പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. പത്തോളം വരുന്ന അക്രമി സംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വിശാഖിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ആക്രമണത്തിൽ വിശാഖിൻ്റെ കൈകാലുകൾ അടിച്ചൊടിച്ച നിലയിലാണ്. തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്.
വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം അക്രമി സംഘങ്ങളെ ആരോ ഫോൺ ചെയ്ത് അറിയിക്കുകയും ഒരു കൂട്ടം യുവാക്കൾ സംഘടിച്ചെത്തി അക്രമം നടത്തുകയുമായിരുന്നു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുമ്പ് ദണ്ഡുകളും, ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് വിശാഖ് പറഞ്ഞു.
Advertisements