KOYILANDY DIARY

The Perfect News Portal

പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളം താനിക്കുന്നത്ത് പറമ്പ് ലക്ഷ്മിഹൗസില്‍ രാജേഷിൻ്റെയും സുനിതയുടെയും മകന്‍ അമല്‍ (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അമലും മൂന്നു സുഹൃത്തുക്കളും രണ്ട് സ്‌കൂട്ടറുകളിലായി ഇവിടെയെത്തിയത്.

നീന്തല്‍ കാര്യമായി വശമില്ലാത്ത അമല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ കയത്തില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി മുങ്ങിയെടുത്ത് കരയ്ക്കുകയറ്റി. തുടര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുക്കത്തു നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും കോടഞ്ചേരി പോലീസും സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തില്‍ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയാണ് അമല്‍.

ദുരന്തനിവാരണവകുപ്പിൻ്റെ നിര്‍ദേശമനുസരിച്ച് നിരോധനമേര്‍പ്പെടുത്തിയ പതങ്കയത്ത് ഇറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കോടഞ്ചേരി പോലീസ്
മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനകം ഇവിടെ 20 പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.

Advertisements