ബുക്കർ പ്രെെസ് ബ്രിട്ടീഷ് എഴുത്തുകാരനായ എം ജോൺ ഹാരിസണ്
.
2026ലെ ബുക്കർ പ്രെെസ് ബ്രിട്ടീഷ് എഴുത്തുകാരനായ എം ജോൺ ഹാരിസണ്. ഹാരിസന്റെ പതിമൂന്നാമത്തെ നോവലായ ദി എൻഡ് ഓഫ് എവരിതിങാണ് പുരസ്കാരത്തിന് അർഹമായത്. പുരസ്കാരം നേടുന്ന പ്രായമേറിയ എഴുത്തുകാരനാണ് അദ്ദേഹം. 200 പേജിൽ താഴെ മാത്രം വരുന്ന ഈ ബുക്കാണ് ഈ വർഷത്തെ ബുക്കർ പ്രെെസിനായുള്ള ചുരുക്കപ്പട്ടികയിലെ ഏറ്റവും ചെറിയ നോവൽ.

സ്വതന്ത്ര പ്രസാധകരായ പ്രൊഫൈൽ ബുക്സിന്റെ സെർപെന്റ്സ് ടെയിൽ എന്ന വിഭാഗമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 163 പുസ്തകങ്ങളാണ് ഈ വർഷം പുരസ്കാരത്തിനായി പരിഗണിച്ചത്. അവാർഡ് ജേതാവായ കവിയും എഴുത്തുകാരനും അധ്യാപകനുമായ റെയ്മണ്ട് ആൻട്രോബസ്, സംഗീതജ്ഞനും എഴുത്തുകാരനും ബ്രോഡ്കാസ്റ്ററുമായ ജാർവിസ് കോക്കർ, പത്രപ്രവർത്തകയും എഡിറ്ററും നിരൂപകയുമായ റെബേക്കലിയു, ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നോവലിസ്റ്റും കവിയും ഉപന്യാസകാരിയുമായ പട്രീഷ്യ ലോക്ക്വുഡ് എന്നിവർ ജൂറിയിൽ ഉൾപ്പെടുന്നു. ഭാവികാലത്തെയും വർത്തമാനകാലത്തെയും ഒരേസമയം ഓർമ്മിപ്പിക്കുന്ന ഒരു ഇംഗ്ലണ്ടാണ് നോവലിൻ്റെ പശ്ചാത്തലം.

ഇഗെറ്റി എന്ന രൂപമില്ലാത്തതും അന്യലോകത്തുനിന്നുള്ളതുമായ ഒരു ജീവിയുടെ കടന്നുവരവോടെ മനുഷ്യരുടെ ജീവിതം മൊത്തത്തിൽ മാറിമറിയുകയാണ്. ലണ്ടനിൽ നടന്ന പുരസ്കാര ചടങ്ങിൽ, കഴിഞ്ഞ വർഷത്തെ ജേതാവും ഫ്ലെഷ് എന്ന കൃതിയുടെ രചയിതാവുമായ ഡേവിഡ് സാലായിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.

മാർലോൺ ജെയിംസിന്റെ ദി ഡിസപ്പിയറർസ്, എലിസബത്ത് സ്ട്രൗട്ടിന്റെ ദി തിംഗ്സ് വി നെവർ സേ, ലൂക്ക് കെന്നാർഡിന്റെ ബ്ലാക്ക് ബാഗ്, റെബേക്ക പെറിയുടെ മേ വി ഫീഡ് ദി കിംഗ്, ഡഗ്ലസ് സ്റ്റുവർട്ടിന്റെ ജോൺ ഓഫ് ജോൺ എന്നീ അഞ്ച് കൃതികളെ പിന്തള്ളിയാണ് ഈ നോവൽ പുരസ്കാരം നേടിയത്.



