KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് മന്ദാരം പബ്ലിക്കേഷൻസിന്റെ പുസ്തക പ്രകാശനവും സാഹിത്യസംഗമവും നടന്നു

.
എറണാകുളം: മന്ദാരം പബ്ലിക്കേഷൻസ് കൾച്ചറൽ ഫോറത്തിന്റെ 22-ാമത് പരിപാടിയുടെ ഭാഗമായി നാല് പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ‘പ്രണയത്തിന്റെ സാഹിത്യം’ എന്ന പേരിൽ സാഹിത്യസംഗമവും എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. കേരള സർക്കാരിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ADGP) അഡ്വ. എം. മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. മന്ദാരത്തിന്റെ ബ്രാൻഡ് അംബാസഡറും ചലച്ചിത്ര നടിയുമായ സി. രാമദേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നേരിട്ട് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഫോണിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവും വിവർത്തകനുമായ കെ. എസ്. വെങ്കിടാചലവും പി. കെ. കബീർ സലാലയും ചേർന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മന്ദാരം ഡയറക്ടറും ചീഫ് എഡിറ്ററുമായ റഷീദ് വെണ്ണിയൂർ ആമുഖപ്രഭാഷണം നടത്തി.
സെയ്ദ് മുഹമ്മദ്, കോർപ്പറേറ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റായ റഷീദ് ഉസ്മാൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കവി ഫ്രെഡി പൗലോസും ഷീന മനോജും പുസ്തകങ്ങൾ പരിചയപ്പെടുത്തി. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി നൂറിലധികം കവികളും എഴുത്തുകാരും പങ്കെടുത്ത ചടങ്ങിൽ മന്ദാരത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളായ ‘കൃതിയും കർത്താവും (ഭാഗം 4)’, ‘പൂങ്കണി’, സുലേഖയുടെ ‘വയലറ്റ് പൂത്ത വഴികൾ’, ബീന റഷീദിന്റെ ‘ചായക്കോപ്പയിലെ കടലാഴങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
എഴുത്തുകാരായ സുലേഖ, ബീന റഷീദ്, പ്രേംകുമാർ ചുങ്കത്ത്, ജോർജ് കലത്തിൽ, നിസ്താർ കെ. ഇരിക്കൂർ, ബേബി ഉണ്ണി, നജീറ ഷെരീഫ് എന്നിവർ ആശംസകൾ നേർന്നു. നോവലിസ്റ്റ് പ്രജിന ഷൈണീഷ് സ്വാഗതവും എഴുത്തുകാരി സന്ധ്യ ജി. മേനോൻ നന്ദിയും പറഞ്ഞു.
Share news