KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ജൂഡോയിൽ കപിൽ പർമറിന് വെങ്കലം

.

ഏഷ്യൻ പാരാ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ ജെ1 വിഭാഗം 70 കിലോഗ്രാം ജൂഡോയിൽ കപിൽ പർമർ വെങ്കല മെഡൽ സ്വന്തമാക്കി. ഇന്തോനേഷ്യയുടെ റഫ്ലി അഹ്നഫ് ഷിദ്ഖിയെ ഇപ്പോണിലൂടെ പരാജയപ്പെടുത്തിയാണ് കപിൽ മെഡൽ ഉറപ്പിച്ചത്. ഒരു മിനിറ്റും ഒൻപത് സെക്കൻഡും മാത്രമാണ് മത്സരത്തിന് വേണ്ടിവന്നത്. പാരിസ് പാരാലിമ്പിക്സിൽ വെങ്കല മെഡൽ നേടിയിട്ടുള്ള കപിൽ, ഇതോടെ അന്താരാഷ്ട്ര കായികരംഗത്ത് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി.

 

സെമിഫൈനലിൽ പ്രവേശിക്കുന്നതിന് മുമ്പ് മംഗോളിയയുടെ ബാറ്റ്-എർഡെനെ ബാറ്റാർസുരനെ നാല് മിനിറ്റും 53 സെക്കൻഡും നീണ്ട പോരാട്ടത്തിൽ കപിൽ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ സെമിയിൽ ഇന്തോനേഷ്യയുടെ ജൂനേദിയോട് തോൽക്കുകയായിരുന്നു. വനിതകളുടെ ജെ 2 വിഭാഗം 52 കിലോഗ്രാം ജൂഡോയിൽ ഇന്ത്യയുടെ കാഴ്ചപരിമിതിയുള്ള താരം കൊകില മെഡൽ ഉറപ്പിച്ചു.

 

സെമിഫൈനലിൽ ചൈനയുടെ യി ലിയുവിനെ 1–0ന് പരാജയപ്പെടുത്തിയാണ് കൊകില ഫൈനലിൽ പ്രവേശിച്ചത്. ഒരു വസാരി, ഒരു യൂക്കോ എന്നിവ കൊകില സ്വന്തമാക്കിയപ്പോൾ ചൈനീസ് താരം ഒരു വസാരി നേടി. കഴിഞ്ഞ ഹാങ്‌ഷൗ പാരാ ഏഷ്യൻ ഗെയിംസിൽ 48 കിലോഗ്രാം വിഭാഗത്തിൽ കൊകില വെങ്കല മെഡൽ നേടിയിരുന്നു.

 

Share news