ഉയർന്ന രക്തസമ്മർദ്ദം അഥവാ നിശബ്ദ കൊലയാളി; ശരീരം കാണിച്ചുതരുന്ന സൂചനകൾ എന്തെല്ലാം?
.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. നിരവധി രോഗങ്ങൾക്കാണ് ഇത് കാരണമാകുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നു. രക്ത സമ്മർദ്ദം ഉയർന്നു എന്ന് മനസിലാക്കാൻ കഴിയുന്നത് എപ്പോഴാണെന്ന് അറിയാമോ? ശരീരം കാണിക്കുന്ന സൂചനകൾ എങ്ങനെ തിരിച്ചറിയാം?

ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തികളിൽ അനുഭവപ്പെടുന്ന മർദമാണ് രക്തസമ്മർദ്ദം/ബ്ലഡ് പ്രഷർ. സാധാരണ നിലയിൽ ഇത് 120/80 mmHg ആണ്. രക്തസമ്മർദ്ദം 130/90 mmHg നില കടക്കുന്ന അവസ്ഥയാണ് ഹൈപ്പർടെൻഷൻ. ഉയർന്ന രക്തസമ്മർദ്ദം ബാധിച്ച ഭൂരിഭാഗം പേരിലും പ്രത്യേക ലക്ഷണങ്ങളൊന്നും പുറത്തുകാണാറില്ല. അതുകൊണ്ടുതന്നെ ഇതിനെ ‘നിശബ്ദ കൊലയാളി’ (സൈലന്റ് കില്ലർ) എന്നാണ് വിശേഷിപ്പിക്കുന്നത്.

ചിലരിൽ തലവേദന പോലുള്ള ലക്ഷണങ്ങൾ കാണാറുണ്ടെങ്കിലും പലപ്പോഴും നെഞ്ചുവേദനയുമായി കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ പനി, ചെറിയ മുറിവുകൾ തുടങ്ങിയ മറ്റ് കാരണങ്ങളാൽ ക്ലിനിക്കുകളിൽ എത്തുമ്പോഴോ ആണ് രക്തസമ്മർദ്ദം 150/100 പോലെയുള്ള ഉയർന്ന അളവിലാണെന്ന് തിരിച്ചറിയുന്നത്. ഭൂരിഭാഗം പേരിലും ബിപി പരിശോധിക്കപ്പെടുന്നത് തന്നെ പ്രമേഹം, വൃക്കരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ്.

എന്നാൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ഇന്ദു പി എസ് ചൂണ്ടക്കാട്ടുന്നു. കൃത്യമായി രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കാം. കൂടാതെ വൃക്കരോഗങ്ങൾ, കാഴ്ചവൈകല്യങ്ങൾ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്കും ഹൈപ്പർടെൻഷൻ വഴിവെക്കുന്നു.
പ്രധാന നിർദ്ദേശങ്ങൾ ഇതാ…
ആറുമാസത്തിലൊരിക്കൽ പരിശോധന: 30 വയസിന് മുകളിലുള്ള എല്ലാവരും സാധാരണ രക്തസമ്മർദ്ദമുള്ളവരാണെങ്കിൽ പോലും ആറുമാസത്തിൽ ഒരിക്കലെങ്കിലും ബിപി പരിശോധിക്കണം.
കുട്ടികളിലെ ബിപി ട്രാക്കിംഗ്: കുട്ടികളിൽ പോലും പ്രീ-ഹൈപ്പർടെൻഷനും ഹൈപ്പർടെൻഷനും കണ്ടെത്താറുണ്ട്. അതിനാൽ രോഗം എത്രയും നേരത്തെ കണ്ടുപിടിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
അകാല മരണം തടയാം: ചെറുപ്പക്കാരിലും മധ്യവയസ്കരിലും ഉണ്ടാകുന്ന അകാല മരണങ്ങൾ തടയണമെങ്കിൽ ഹൈപ്പർടെൻഷൻ തടയുക എന്നതും പരമപ്രധാനമാണെന്ന് ഡോ. ഇന്ദു പി എസ് വ്യക്തമാക്കുന്നു.
ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കാം
ഉപ്പ് കുറയ്ക്കുക: അച്ചാർ, പപ്പടം, ചിപ്സ്, ബേക്കറി പലഹാരങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഉപ്പ് ഒഴിവാക്കുകയോ കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ ചെയ്യണം.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണം: ദിവസവും ഏകദേശം 450 ഗ്രാം പച്ചക്കറികളും ഇലക്കറികളും 150 ഗ്രാം പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
വ്യായാമം പ്രധാനം: ആഴ്ചയിൽ 5 ദിവസമെങ്കിലും ദിവസേന അരമണിക്കൂർ വീതം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക.



