കേരളത്തിന് അതിവേഗ റെയിലില്ല; പദ്ധതികൾ കേന്ദ്രം ഉപേക്ഷിച്ചു
.
കേരളത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഹൈസ്പീഡ്/സെമി ഹൈസ്പീഡ് റെയിൽ പദ്ധതികൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചതായി റിപ്പോർട്ട്. സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെ, ഈ പദ്ധതിക്ക് പകരമായി മൂന്നും നാലും റെയിൽവേ ലൈനുകൾ നിർമ്മിക്കുന്നതിനുള്ള സാധാരണ സർവേകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് 2026 ജൂലൈ 31-ന് നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ ഈ വെളിപ്പെടുത്തൽ.

മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പാതയ്ക്കുള്ള നിർദ്ദേശവും സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം തള്ളപ്പെട്ടതായി കേന്ദ്രം അറിയിച്ചു. ഇതോടെ, സിൽവർലൈനോ അല്ലെങ്കിൽ മറ്റ് അതിവേഗ റെയിൽ പദ്ധതികളോ നിലവിൽ കേരളത്തിൽ നടപ്പിലാക്കാനില്ലെന്ന് ഉറപ്പായി.

നാല് മണിക്കൂർ യാത്രയെന്ന വാഗ്ദാനം വെറും പ്രഖ്യാപനം മാത്രം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ മുൻ അവകാശവാദങ്ങളെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് ചോദ്യമുന്നയിച്ചെങ്കിലും, അതിന്റെ ചിലവ്, സ്ഥലമേറ്റെടുപ്പ്, അല്ലെങ്കിൽ പൂർത്തിയാക്കാൻ എടുക്കുന്ന സമയം എന്നിവയെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ മന്ത്രാലയത്തിന് കഴിഞ്ഞില്ല.

ഡിപിആർ (DPR) തയ്യാറാക്കി വിവിധ അംഗീകാരങ്ങൾ ലഭിച്ചാൽ മാത്രമേ സമയപരിധി പറയാൻ കഴിയൂ എന്ന അവ്യക്തമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. മതിയായ പദ്ധതിയോ രേഖകളോ ഇല്ലാതെ നടത്തിയ ഇത്തരം പ്രഖ്യാപനങ്ങൾ കേവലം രാഷ്ട്രീയ വാഗ്ദാനങ്ങൾ മാത്രമാണെന്ന് ഈ മറുപടിയിലൂടെ വ്യക്തമാകുന്നു. പദ്ധതി നിർവ്വഹണം ഇഴഞ്ഞുനീങ്ങുന്നു.
സംസ്ഥാനത്തെ റെയിൽവേ വികസനത്തിന്റെ ദയനീയമായ കണക്കുകളും മറുപടിയിൽ പുറത്തുവന്നിട്ടുണ്ട്. 2026 ഏപ്രിൽ 1 വരെയുള്ള കണക്കനുസരിച്ച് അനുവദിക്കപ്പെട്ട 302 കിലോമീറ്റർ പദ്ധതികളിൽ വെറും 40 കിലോമീറ്റർ (13 ശതമാനം) മാത്രമാണ് കമ്മീഷൻ ചെയ്തത്. പുതിയ റെയിൽവേ ലൈനുകൾക്കായി അനുവദിച്ച 148 കിലോമീറ്ററിൽ ഒരു കിലോമീറ്റർ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. അനുവദിച്ച 11,650 കോടി രൂപയുടെ പദ്ധതികളിൽ വെറും 3,867 കോടി രൂപ മാത്രമാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്.
റെയിൽവേ തിരക്കും യാത്രാ ക്ലേശവും ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായിട്ടും, കേരളത്തിന് വേണ്ടി ദീർഘവീക്ഷണമുള്ള അതിവേഗ റെയിൽ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്. നിലവിൽ നിർദ്ദേശിക്കപ്പെട്ട മൂന്നും നാലും വരി പാതകളുടെ നിർമ്മാണം പോലും പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നും ഇതിന് സാമ്പത്തിക അനുമതിയോ കൃത്യമായ സമയക്രമമോ നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രം സമ്മതിക്കുന്നു.



