പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവം: വീഴ്ച വരുത്തിയവർക്കെതിരെ നടപടി
.
ആലപ്പുഴയിൽ പി എസ് സി ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിക്ക് ഒരുങ്ങി പി എസ് സി. സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തുടങ്ങി. പി.എസ്.സി ജില്ല ഓഫിസർ റിപ്പോർട്ട് കൈമാറി. വീഴ്ചയുടെ ഉത്തരവാദിത്തം ചീഫ് സൂപ്രണ്ടായ സ്കൂൾ പ്രിൻസിപ്പലിനും പി എസ് സി ഉദ്യോഗസ്ഥനായ അഡീഷനൽ ചീഫ് സൂപ്രണ്ടിനുമെന്നുമാണ് റിപ്പോർട്ട്.

LGS പ്രാഥമിക പരീക്ഷയുടെ ചോദ്യപേപ്പറാണ് ആലപ്പുഴ ലജ്നത്ത് സ്കൂളിൽ മാറി നൽകിയത്. ലജ്നത്ത് സ്കൂളിൽ പരീക്ഷകൾ ഇനി നടത്തില്ലെന്ന് പി എസ് സി അറിയിച്ചു. വിവിധ കമ്പനി കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) തസ്തികകളിലേക്ക് അടക്കമുള്ള പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടമാണ് ചോദ്യക്കടലാസ് മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയത്.

പരീക്ഷയുടെ ഒന്നാം ഘട്ടം റദ്ദാക്കിയിട്ടില്ലെങ്കിലും ചോദ്യം മാറി ലഭിച്ച 166 പേർക്കും രണ്ടാംഘട്ട പരീക്ഷ എഴുതേണ്ടവർക്കും പുനഃപരീക്ഷ നടത്തുമെന്ന് പി എസ് സി അറിയിച്ചു. 200 പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ ഹയർസെക്കൻഡറി വിഭാഗം കെട്ടിടത്തിൽ പരീക്ഷയെഴുതിയ 166 പേർക്കാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഇവർ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മറ്റു സെൻററുകളിലെ ഉദ്യോഗാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് പിഴവ് കണ്ടെത്തിയത്.




