KOYILANDY DIARY.COM

The Perfect News Portal

നോർവെയെ തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ്; ഹാട്രിക്കുമായി തിളങ്ങി ഡെംബെലെ

.

ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിന് വമ്പന്‍ ജയം. ഒന്നിന് എതിരെ നാല് ഗോളുകള്‍ക്ക് നോര്‍വേയെ തോല്‍പ്പിച്ചു. ഉസ്മാന്‍ ഡെംബലെ ഹാട്രിക് ഗോള്‍ നേടി. വെറും 32 മിനിറ്റുകള്‍ക്കിടെയാണ് മൂന്നു തവണ താരം വല കുലുക്കിയത്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ഫ്രഞ്ച് താരമായി ഡെംബലെ മാറി. കിലിയന്‍ എംബപെയും ജസ്റ്റ് ഫോണ്ടെയ്നും മാത്രമാണ് ഇതിനുമുന്‍പ് ഫ്രാന്‍സിനായി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

 

മത്സരത്തില്‍ ഡിസൈര്‍ ഡൂവോ ഒരു ഗോളും നേടി. മൂന്ന് മത്സരവും ജയിച്ച ഫ്രാന്‍സാണ് ഗ്രൂപ്പ് ഐ ചാമ്പ്യന്മാര്‍. 7-ാം മിനിറ്റില്‍ ആദ്യ ഗോളും, പിന്നീട് രണ്ട് മിനിറ്റുകള്‍ക്കകം രണ്ടാമത്തെ ഗോളും നേടിയ ഡെംബലേ, 32-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി തന്റെ ഹാട്രിക് തികച്ചു. ഇഞ്ചുറി സമയത്തായിരുന്നു ആസ്ഗാര്‍ഡിന്റെ ഗോള്‍. നേരത്തെ, നോര്‍വെ പെനാല്‍റ്റി നഷ്ടമാക്കിയത് തിരിച്ചടിയായി.

 

അര്‍ലിംഗ് ഹാളണ്ട് ഇന്നത്തെ മത്സരം കളിച്ചിരുന്നില്ല. ഹാലണ്ടിനെപ്പോലൊരു അള്‍ട്ടിമേറ്റ് പെനാല്‍റ്റി കിങ് ഇല്ലാത്തത് നോര്‍വേയ്ക്ക് വലിയ തിരിച്ചടിയായി. പത്ത് മാറ്റങ്ങളുമായിട്ടാണ് നോര്‍വെ ഇറങ്ങിയിരുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച നോര്‍വെ ഇതിനകം റൗണ്ട് ഓഫ് 32 സ്ഥാനമുറപ്പിച്ചിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ഐയില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനക്കാരായും, നോര്‍വേ രണ്ടാം സ്ഥാനക്കാരായുമാണ് ഓഫ് 32 ലേക്ക് യോഗ്യത നേടിയത്.

Share news
error: Content is protected !!