യുവേഫ സൂപ്പർ കപ്പ്: ആസ്റ്റൻവില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പി.എസ്.ജി
.
ആവേശകരമായ യുവേഫ സൂപ്പർ കപ്പ് പോരിൽ ആസ്റ്റൻവില്ലയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രഞ്ച് അതികായരായ പി.എസ്.ജിയ്ക്ക് കിരീടം. ഓസ്ട്രിയയിലെ സാൽസ്ബർഗിലുള്ള റെഡ് ബുൾ അരീനയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഖ്വിച്ച ക്വാറത്സ്ഖേലിയ, ഡെസിറെ ദൂവേ എന്നിവർ നേടിയ എണ്ണം പറഞ്ഞ ഗോളുകളാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്. അതേസമയം പ്രമുഖ താരങ്ങളുടെ അഭാവത്തിലും ശക്തമായ പോരാട്ടവീര്യമാണ് ആസ്റ്റൻവില്ല പുറത്തെടുത്തത്.

ഒല്ലി വാറ്റ്കിൻസ്, എസ്രി കോൺസ, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് എന്നിവരില്ലാതെയാണ് ആസ്റ്റൺ വില്ല ഇറങ്ങിയത്. യുവതാരങ്ങളെ അണിനിരത്തി കളിച്ച ആസ്റ്റൻവില്ല, മത്സരത്തിന്റെ പല ഘട്ടങ്ങളിലും പി.എസ്.ജിക്ക് ശക്തമായ വെല്ലുവിളി ഉയർത്തി. എന്നാൽ അനുഭവസമ്പത്തും മികച്ച ഫിനിഷിങ്ങും കരുത്താക്കി ഫ്രഞ്ച് ക്ലബ് വിജയം സ്വന്തമാക്കുകയായിരുന്ന മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് പി.എസ്.ജിയുടെ ആദ്യ ഗോൾ പിറന്നത്.

ഇടതു വിങ്ങിൽ നിന്ന് പന്തുമായി മുന്നേറിയ ഖ്വിച്ച ക്വാറത്സ്ഖേലിയ, വില്ല ഗോൾകീപ്പർ മാർക്കോ ബിസോട്ടിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ആസ്റ്റൻവില്ല ഒപ്പമെത്തി. പ്രൊഫഷണൽ കരിയറിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ 17 കാരൻ ബ്രയാൻ മാഡ്ജോ നേടിയ ഗോളിലായിരുന്നു മറുപടി. ജോൺ മക്ഗിന്നിന്റെ ക്രോസിൽ നിന്ന് വോളിയിലൂടെ ഗോൾ നേടി മാഡ്ജോ വില്ലയെ പി.എസ്.ജിയ്ക്കൊപ്പമെത്തിച്ചു.

ഇതോടെ സൂപ്പർ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാഡ്ജോ മാറി. 61-ാം മിനിട്ടിൽ ഫ്രഞ്ച് സൂപ്പർതാരം ഉസ്മാൻ ഡെംബെലെയുടെ കൃത്യതയാർന്ന പാസിൽ നിന്ന് ഡെസിറെ ദൂവേ പി.എസ്.ജിയുടെ വിജയം കുറിച്ച ഗോൾ നേടി. ഈ ഗോൾ ആദ്യം ഓഫ്സൈഡ് ആണെന്ന് വിധി എഴുതിയെങ്കിലും, നീണ്ട വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു.
സമനിലയ്ക്കായി വില്ല കിണഞ്ഞു പരിശ്രമിച്ചെങ്കിലും, ഗോൾ അകന്നുനിന്നു. കളിയുടെ അവസാന മിനിട്ടുകളിൽ 19 കാരനായ ജോർജ്ജ് ഹെമ്മിങ്സിന്റെ മികച്ചൊരു ഷോട്ട് പി.എസ്.ജി കീപ്പർ മാറ്റ്വെ സഫോനോവ് തടഞ്ഞിട്ടതോടെ ആസ്റ്റൻവില്ല തോൽവി സമ്മതിക്കുകയായിരുന്നു.



