കോഴിക്കോട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
.
കോഴിക്കോട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ചക്കുംകടവ് നദീനഗർ സ്വദേശി മഹൽകലാലയ വീട്ടിൽ അബ്ദുൽ റിഷാലി (23) നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിങ്ങിനിടെ തടമ്പാട്ടുതാഴത്ത് ദേശീയപാതയിലെ അണ്ടർപാസിന് സമീപത്തുവെച്ചാണ് ഇയാളെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അസ്വാഭാവികമായി പെരുമാറിയ ഇയാൾ വണ്ടിയുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയെ പരിശോധിച്ചപ്പോൾ ബൈക്കിൽ സൂക്ഷിച്ചിരുന്ന ബാഗിൽനിന്ന് 69 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

ചേവായൂർ എസ്ഐ ഏലിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുനീർ, സിപിഒമാരായ ലിവേശ്, ഹോംഗാർഡ് കുര്യാക്കോസ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസബ, പന്നിയങ്കര, ടൗണ്‍, വെള്ളയിൽ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് ഉപയോഗം, വധശ്രമം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.




