യുവതലമുറയിൽ കേൾവിശക്തി കുറയുന്നു; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
.
ഇന്നത്തെ കാലത്ത് കയ്യിലൊരു സ്മാർട്ട്ഫോണും ചെവിയിലൊരു ഇയർബഡ്സും ഇല്ലാത്ത യുവാക്കൾ കുറവാണ്. എന്നാൽ ഈ ‘ട്രെൻഡിനോടുള്ള’ അമിത പ്രണയം നമ്മുടെ കേൾവിശക്തിയെ നിശബ്ദമായി കവർന്നെടുക്കുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേൾവിത്തകരാറുകൾ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ തിരുത്തിക്കൊണ്ട്, മുപ്പതുകളിലും നാൽപ്പതുകളിലും ഉള്ളവരിലും ഇന്ന് കേൾവിശക്തി വൻതോതിൽ കുറയുന്നതായാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ബഡ്സും സേഫ്റ്റിപിന്നും വില്ലനാകുമ്പോൾ
ചെവി ചൊറിയുമ്പോഴോ വെള്ളം കയറുമ്പോഴോ കയ്യിൽ കിട്ടുന്ന ഇയർ ബഡ്സ്, സേഫ്റ്റിപിൻ, പെൻസിൽ എന്നിവ ചെവിയിലിട്ട് തിരിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ചെവിയുടെ പുറംഭാഗത്തിന് (ബാഹ്യകർണം) ഗുരുതരമായ പരിക്കേൽപ്പിക്കും. ചെവിയിലെ വാക്സ് (അഴുക്ക്) കളയാനാണ് പലരും ബഡ്സ് ഉപയോഗിക്കുന്നത്. സത്യത്തിൽ, 90 ശതമാനം ആളുകളിലും ഈ വാക്സ് തനിയെ പുറന്തള്ളപ്പെടാറുണ്ട്. നമ്മൾ ബഡ്സ് ഉപയോഗിക്കുമ്പോൾ ഈ വാക്സ് കൂടുതൽ ഉള്ളിലേക്ക് തള്ളപ്പെടുകയും അത് കർണ്ണപടത്തിന് ആഘാതമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കഠിനമായ വേദനയ്ക്കും കേൾവി തടസ്സത്തിനും കാരണമാകും.

ഇയർഫോൺ ഉപയോഗിക്കുന്നവർ ജാഗ്രത!
തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഹെഡ്ഫോണുകളും ഇയർപോഡുകളും ഉപയോഗിക്കുന്നത് ആന്തരകർണ്ണത്തിലെ നാഡികളെ നശിപ്പിക്കും. ഇതിനെ സെൻസോറിനറൽ ഹിയറിങ് ലോസ് എന്നാണ് വിളിക്കുന്നത്. ഉയർന്ന ഡെസിബലിലുള്ള ശബ്ദം ദീർഘനേരം കേൾക്കുന്നത് വഴി കേൾവി പൂർണ്ണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഹെഡ്ഫോണുകളിൽ പാട്ട് കേൾക്കുമ്പോൾ വോളിയം പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കുക.
- ചെവിയിൽ അസ്വസ്ഥത തോന്നിയാൽ സ്വയം ചികിത്സിക്കാതെ ഒരു ഇ.എൻ.ടി വിദഗ്ധനെ കാണുക.
- വലിയ ശബ്ദമുള്ള തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർ ഇയർ മഫുകളോ പ്ലഗ്ഗുകളോ നിർബന്ധമായും ധരിക്കുക.
- കേൾവിയിൽ നേരിയ വ്യത്യാസമോ ചെവിയിൽ മൂളിച്ചയോ അനുഭവപ്പെട്ടാൽ ഉടൻ പരിശോധന നടത്തുക.
ജനിതക കാരണങ്ങളാലോ ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലമോ ഉണ്ടാകുന്ന കേൾവി കുറവ് നേരത്തെ കണ്ടുപിടിച്ചാൽ ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കും.



