KOYILANDY DIARY.COM

The Perfect News Portal

പക്ഷിപ്പനി: ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. പക്ഷിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അന്തർദേശീയ, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ നടത്താൻ യോഗത്തിൽ തീരുമാനമായി.

സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ഇത് നടപ്പിലാക്കുക. 14,228 വളർത്തുപക്ഷികളെയാണ് കൊന്നു നശിപ്പിക്കുക. തുടർന്ന് കള്ളിങ്ങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥർ ഒളിപ്പിച്ച തോമറ്റിടങ്ങളിലേക്ക് കടത്തിയതോ ആയ പക്ഷികൾ ഉണ്ടെങ്കിൽ അവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന കോംബിങ് തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി സംസ്ഥാന മൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടപ്പിലാക്കും.

നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ, കോർപ്പറേഷൻ പരിധിയിലെ നല്ലളം എന്നിവിടങ്ങളിൽ നാല് വീതം ആർആർടി ടീമുകളെ സജ്ജമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തിൽ ജന്തുരോഗനിയന്ത്രണ പദ്ധതി കാര്യാലയത്തിൽ നിന്നും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലിലേയ്ക്ക് അയച്ച അഞ്ചു സാമ്പിളുകളാണ് ഹൈ പത്തൊജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ പക്ഷികളിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Advertisements

വളർത്തുപക്ഷികളുടെ ഉപയോഗം / വിപണനം / കടത്തൽ നിരോധിച്ചു

പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 15, ഒളവണ്ണ പഞ്ചായത്തിലെ വാർഡ് ആറ്, കക്കൊടി പഞ്ചായത്തിലെ വാർഡ് നാല്, പനങ്ങാട് പഞ്ചായത്തിലെ വാർഡ് 15, കോർപറേഷൻ പരിധിയിലെ വാർഡ് 44 എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം(വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ജില്ല കളക്ടർ നിരോധിച്ചു.

മുട്ടയോ ഇറച്ചിയോ കഴിക്കുന്നതിൽ ഭീതി വേണ്ട

വേണ്ടപോലെ പാകം ചെയ്ത കോഴി, താറാവ്, കാട എന്നിവയുടെ മുട്ടയോ ഇറച്ചിയോ കഴിക്കുന്നതിൽ ഭീതി വേണ്ട എന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഇറച്ചിയിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ 70 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ മൂന്ന് മുതൽ അഞ്ച് മിനിറ്റിനകം പക്ഷിപ്പനി വൈറസുകൾ നശിക്കും. പച്ചമുട്ട കുടിക്കുന്നതും ബുൾസൈ പോലുള്ള പാതിവെന്ത വിഭവങ്ങളും പകുതി വെന്ത ഇറച്ചിയും മുട്ടയും പൂർണ്ണമായും ഒഴിവാക്കണം.

ചില ഘട്ടങ്ങളിൽ രൂപഭേദം സംഭവിച്ചു മനുഷ്യരിലേയ്ക്ക് പകരാനുള്ള സാധ്യത ഉണ്ടെന്നതിനാൽ ചത്തകോഴികളെ/പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും കോഴികളെ കശാപ്പു ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. കയ്യുറകളും മുഖാവരണങ്ങളും വ്യക്തിശുചിത്വ മാർഗങ്ങളും രോഗവ്യാപനം തടയും. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പക്ഷികളെ പരിപാലിക്കുന്നവർ, വളർത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവർ, പക്ഷികളെ കശാപ്പുചെയ്യുന്നവർ, പാചകക്കാർ, വെറ്ററിനറി ഡോക്റ്റർമാർ ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.

പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 04952762050 

Share news