രാത്രി 8 മണിക്ക് ശേഷമുളള ഈ ശീലങ്ങള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാം
.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചെറുപ്പക്കാരെ മുതല്‍ പ്രായമായവരെ വരെ ഹൃദ്രോഗം പിടികൂടുന്നത് ഇന്ന് സാധാരണ കാര്യമായി മാറിക്കഴിഞ്ഞു. ജീവിതശൈലിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആളുകളെ രോഗികളാക്കി മാറ്റുന്നു. അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ജലന്ധര്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെ കാര്‍ഡിയോളജി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിപി ശര്‍മ്മ. രാത്രി 8 മണിക്ക് ശേഷം നിങ്ങള്‍ പിന്തുടരുന്ന ചില ശീലങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ തകരാറിലാക്കും. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് അറിയാം.

രാത്രി വൈകി ഭക്ഷണം കഴിക്കുക
വൈകി ഭക്ഷണം കഴിക്കുന്നത് അവ ദഹിക്കാന്‍ പ്രയാസമാക്കും. അങ്ങനെയാകുമ്പോള്‍ രക്തം ദഹന വ്യവസ്ഥയിലേക്ക് തിരിച്ചുവിടപ്പെടുന്നു. അപ്പോള്‍ ഹൃദയം കൂടുതല്‍ ശക്തമായി പമ്പ് ചെയ്യേണ്ടിവരുന്നു. ഉറങ്ങുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കുന്നത് രാത്രിയിലെ രക്തസമ്മര്‍ദ്ദ നിയന്ത്രണത്തെയും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും ബാധിക്കുമെന്ന് ഡോ. ശര്‍മ പറയുന്നു. നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) നടത്തിയ പഠനത്തിലും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. അത്താഴം ലഘുവായും നേരത്തെയും കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.

കാപ്പി കുടിക്കുന്ന ശീലം
ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കുന്നത് ആശ്വാസം നല്കുന്ന കാര്യമാണ്. എന്നാല്‍ വൈകി കാപ്പിയോ ചായയോ കുടിക്കുമ്പോള്‍ അതിലെ കഫീന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നീണ്ടുനില്ക്കുന്നു. ഇത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ഉറക്കം വൈകിപ്പിക്കുകയും ചെയ്യും. നന്നായി ഉറങ്ങാന്‍ കഴിയാത്തതുകൊണ്ട് തൊട്ടടുത്ത ദിവസം രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും സാധ്യതയുണ്ട്.

മദ്യപാനം
മദ്യം പലരും ഉറങ്ങാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമായിട്ടാണ് കാണുന്നത്. എന്നാല്‍ അപ്പോള്‍ നിങ്ങള്‍ മയക്കത്തിലേക്ക് വീഴുമെങ്കിലും പിന്നീട് ഉറക്കം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. മദ്യം ഉണ്ടാക്കുന്ന മയക്കം ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തുകയും ഹൃദയത്തിലെ താളപ്പിഴയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ദിവസങ്ങളോളം അല്ലെങ്കില്‍ മാസങ്ങളോളം ഈ പ്രക്രീയ തുടരുമ്പോള്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.
രാത്രി വൈകിയുള്ള സ്ക്രീന്‍ സമയം
ഉറങ്ങുന്നതിന് മുന്‍പ് ഫോണും ലാപ്ടോപ്പും മറ്റും ഉപയോഗിക്കുന്നതും റീല്‍സ് കാണുന്നതും ഇന്ന് പലരുടെയും ശീലമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ തലച്ചോറ് ഇത് ഉണര്‍ന്നിരിക്കാനുള്ള സമയമാണെന്ന് തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണായ മെലാടോണിന്‍ പുറത്തുവിടുന്നത് വൈകിപ്പിക്കുന്നു. അതുമൂലം ഉറക്കം കുറയുന്നു. രാത്രിയില്‍ സ്ക്രീന്‍ സമയം കൂടുതല്‍ ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത 30-50 ശതമാനം വരെ വര്‍ധിപ്പിക്കുന്നു.
വൈകിയുള്ള വ്യായാമം, പുകവലി
വൈകിയുള്ള ചില ശീലങ്ങള്‍ അതായത് കഠിനമായ വ്യായാമങ്ങള്‍, പുകവലി ഇവയെല്ലാം സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ധിക്കാനിടയാക്കുകയും അത് ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ ആഗോളതലത്തില്‍ ഹൃദയയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പ്രധാന കാരണം പുകവലിയാണ്.
ഉറക്കം നീട്ടിവെയ്ക്കല്‍
ജോലിയും മറ്റ് കാര്യങ്ങളും കൊണ്ട് ഉറക്കം നീട്ടിവെയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. സ്ഥിരമായുള്ള ഉറക്കം വൈകിപ്പിക്കല്‍ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഉപ്പുള്ള ലഘുഭക്ഷണങ്ങള്‍
ചിപ്സ് പോലെയുള്ള സംസ്കരിച്ച ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് അപകടകരമാണ്. കാരണം ഇവയില്‍ ഉപ്പിന്റെ അളവ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കലോറി വര്‍ധിപ്പിക്കുക മാത്രമല്ല രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.



