കാണാതായ 120 മൊബൈൽ ഫോണുകൾ കണ്ടെത്തി കോഴിക്കോട് സിറ്റി പൊലീസ്; ഉടമകൾക്ക് കൈമാറി
.
നഷ്ടപ്പെട്ട നൂറിലധികം മൊബൈൽ ഫോണുകൾ, കണ്ടെത്തി തിരിച്ചു നൽകി കേരള പൊലീസ്. സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത, 120 ഫോണുകളാണ് കോഴിക്കോട് സിറ്റി പൊലീസ് കണ്ടെത്തിയത്. ഫോൺ തിരികെ ലഭിച്ചവർ സൈബർ സെല്ലിനും പൊലീസിനും നന്ദി പറഞ്ഞു. കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവ് വഴിയാണ് ഫോണുകൾ കണ്ടെടുത്തത്. സിഇഐആർ പോർട്ടലിൽ പരാതി നൽകിയവരുടെ ഫോണുകൾ കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കണ്ടെത്താനായി. മൂന്ന് വർഷം മുമ്പ് മോഷണം പോയതും നഷ്ടപ്പെട്ടതുമായ ഫോണുകൾ ഉടമകളെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു.

സിറ്റി പൊലീസ് കമ്മീഷണർ ജി ജയദേവ് ഓഫീസിൽ വെച്ച് ഫോണുകൾ കൈമാറി. 70 പേർ നേരിട്ടെത്തി ഫോൺ കൈപ്പറ്റി. പ്രതീക്ഷിക്കാതെ ഫോൺ
തിരിച്ചു ലഭിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് പരാതി നൽകിയ സ്റ്റേഷനുകളിൽ നിന്ന് ഫോൺ കൈപ്പറ്റാൻ സൗകര്യമുണ്ട്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.




