മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം സമ്മാനിച്ചു
.
തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഉന്നതവിജയം നേടിയ 2000 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം സമ്മാനിച്ചു. സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽത്തന്നെ തുക വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലെത്തി.

ഇത്രയേറെ വിദ്യാർത്ഥികൾക്ക് ഉയർന്ന തുക നൽകുന്ന സ്കോളർഷിപ് പദ്ധതി മറ്റെവിടെയും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിലൂടെ അഞ്ച് ലക്ഷം മുതൽ 25 ലക്ഷം രൂപവരെയാണ് നൽകുന്നത്. എൽബിഎസ് വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച വിസാറ്റ് സാറ്റലൈറ്റിന് 31 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാർ നൽകി.

മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ വിദ്യാർത്ഥികൾ ഗവേഷണങ്ങൾ നടത്തുകയാണ്. അടുത്ത വർഷം മുതൽ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. ഓരോ വിദ്യാർത്ഥിക്കും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. 2022–-23, 2023–-24 വർഷങ്ങളിൽ ബിരുദ പഠനത്തിൽ ഏറ്റവും ഉയർന്ന മാർക്കുനേടിയ, വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പുരസ്കാരം.




