KOYILANDY DIARY.COM

The Perfect News Portal

ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധത്തിനിടെ സംഘർഷം; കയ്യേറ്റം ചെയ്യാൻ ശ്രമമെന്ന് ആരോപണം

.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് ആരോപണം. സമരം ചെയ്ത നേഴ്സുമാരെ പിരിച്ചുവിടുമെന്നു മാനേജ്മെൻ്റ് ഭീഷണിപ്പെടുത്തിയെന്നും നഴ്സുമാർ പറയുന്നു. അതേസമയം, നഴ്സുമാരുടെ സമരം കോഴിക്കോട് അടക്കം വിവിധ ജില്ലകളിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തിൻ്റെ താളം തെറ്റിച്ചു.

 

40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ തിങ്കളാഴ്ച മുതൽ പണിമുടക്കി സമരം നടത്തുകയാണ്. ഇതിൻ്റെ ഭാഗമായാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുൾപ്പെടെ നേഴ്സുമാർ പണിമുടക്കി സമരം ചെയ്യുന്നത്. ആശുപത്രിക്കുള്ളിൽ വച്ച് ഹോസ്പിറ്റൽ അധികൃതരും നേഴ്സുമാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Advertisements

 

സമരത്തെക്കുറിച്ച് കഴിഞ്ഞദിവസം ഹോസ്പിറ്റൽ മാനേജ്മെന്റിനെ അറിയിച്ചിരുന്നു എന്നാണ് സമരക്കാർ അവകാശപ്പെടുന്നത്. എന്നാൽ, പരിശീലന ക്ലാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്പിറ്റലിലേക്ക് വിളിച്ചുവരുത്തി കബളിപ്പിക്കുകയായിരുന്നു എന്നാണ് ഇവരുടെ പരാതി. ജോലിക്ക് വന്നില്ലെങ്കിൽ പിരിച്ചുവിടുമെന്ന് ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.

 

കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ സ്വകാര്യ നഴ്സുമാരുടെ സംഘടനയായ യു എൻ എ പ്രതിഷേധ പ്രകടനം നടത്തി. ശമ്പള വർധനയിൽ ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം നടക്കുന്നത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിക്കുകയായിരുന്നു.

Share news