KOYILANDY DIARY.COM

The Perfect News Portal

ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; അഭിമാന നേട്ടം ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

.

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ 2016-ൽ ആരംഭിച്ച ലൈഫ് പദ്ധതി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന ചരിത്രനേട്ടം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വലിയ നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നിർവഹിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

 

കാര്യക്ഷമതയിലും സമഗ്രതയിലും രാജ്യത്തിന് തന്നെ മാതൃകയായ ഈ പദ്ധതിക്കായി 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഏകദേശം 20,831.60 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിട്ടുള്ളത്. പദ്ധതിയിലൂടെ ഭവനനിർമ്മാണത്തിനായി ഓരോ സാധാരണ കുടുംബത്തിനും 4 ലക്ഷം രൂപയും, പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപയുമാണ് സാമ്പത്തിക സഹായമായി ഉറപ്പാക്കുന്നത്.

Advertisements

 

ഭവനരഹിതർക്ക് അടച്ചുറപ്പുള്ള വീടുകൾ നൽകുന്ന ലൈഫ് പദ്ധതി എൽഡിഎഫ് സർക്കാരിന്റെ ജനകീയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന നവകേരളം സൃഷ്ടിക്കാനായി ഒത്തൊരുമിച്ച് മുന്നേറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Share news