കരളിനെ നശിപ്പിക്കുന്നത് ഈ 3 ഭക്ഷണങ്ങൾ; ഒഴിവാക്കാൻ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ
.
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും അവയുടേതായ ഒരു ജോലി ഉണ്ട്. അതുപോലെ ശരീരത്തിലെ പ്രധാന ശുദ്ധീകരണ പ്ലാന്റായ കരളിന്റെ ആരോഗ്യം നമ്മൾ കാര്യമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. വിഷാംശങ്ങളെ പുറന്തള്ളാനും ദഹനത്തെ സഹായിക്കാനും നിർണ്ണായക പങ്ക് വഹിക്കുന്ന കരളിനെ, നമ്മൾ പോലുമറിയാതെ നമ്മുടെ ഭക്ഷണശീലങ്ങൾ തകരാറിലാക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

എയിംസ്, ഹാർവാർഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം ലഭിച്ച പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കരളിന്റെ ദീർഘകാല ആരോഗ്യത്തിനായി നാം ഉടനടി ഒഴിവാക്കേണ്ട മൂന്ന് പ്രധാന കാര്യങ്ങൾ നോക്കാം

മധുര പാനീയങ്ങൾ: നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സോഡകൾ, എനർജി ഡ്രിങ്കുകൾ, പാക്കറ്റുകളിൽ ലഭിക്കുന്ന പഴച്ചാറുകൾ എന്നിവ കരളിന്റെ പ്രധാന ശത്രുക്കളാണ്. ഇവയിലടങ്ങിയിരിക്കുന്ന ഫ്രക്ടോസ് അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് കരൾ വീർക്കുന്നതിനും വീക്കത്തിനും കാരണമാകുന്നു. പഞ്ചസാരയുടെ അമിത ഉപയോഗം മദ്യപാനത്തോളം തന്നെ കരളിന് ദോഷകരമാണെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ: പാക്കറ്റുകളിൽ ലഭിക്കുന്ന പലഹാരങ്ങൾ, വറുത്ത സ്നാക്സുകൾ, റെഡി-ടു-ഈറ്റ് വിഭവങ്ങൾ എന്നിവയിലെ ചീത്ത കൊഴുപ്പും രാസവസ്തുക്കളും കരൾ കോശങ്ങൾക്ക് വലിയ ആഘാതമുണ്ടാക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ പതിവാക്കുന്നത് കരൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം.
മദ്യം: കരളിനെ നേരിട്ട് ബാധിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മദ്യം. തുടർച്ചയായ മദ്യപാനം സിറോസിസ് പോലുള്ള മാരകമായ രോഗങ്ങളിലേക്കും കരൾ കോശങ്ങൾ നശിച്ച് അവിടെ കലകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു.
ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ കരളിനെ സംരക്ഷിക്കാമെന്ന് ഡോ. സേത്തി വ്യക്തമാക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കുകയും കൃത്യമായ വ്യായാമം ശീലമാക്കുകയും ചെയ്യുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.



