KOYILANDY DIARY

The Perfect News Portal

വാക്സിൻ ക്ഷാമം: കൊയിലാണ്ടിയിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു

കൊയിലാണ്ടി: നഗരസഭ ഇ.എം.എസ്. ടൌൺ ഹാളിൽ ഇന്നു മുതൽ ആരംഭിക്കേണ്ടിയിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് വാക്സിൻ ലഭിക്കാത്തതിനെ തുടർന്ന് മാറ്റി വെച്ചതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഏപ്രിൽ 21 മുതൽ 24 വരെയായിരുന്നു ക്യമ്പ് തീരുമാനിച്ചിട്ടുണ്ടായിരുന്നത്. അതിന് മുന്നോടിയായ 19, 20 തിയ്യതികളിലായി ടൌൺഹാളിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരുന്നു. ആയിരത്തി എഴുനൂറോളം ആളുകൾ റജിസ്റ്റർ ചെയ്തതായാണ് അറിയുന്നത്. ഓരോരുത്തർക്കും എത്തേണ്ട സമയം ഉൾപ്പെടെ നിശ്ചയിച്ച് നൽകിയിരുന്നു. നഗരസഭ ജില്ലാ ആരോഗ്യവിഭാഗത്തിൻ്റെ സഹകരണത്തോടെയായിരുന്നു ക്യമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. ഇന്ന് കാലത്താണ് വാക്സിൻ എത്തിയിട്ടില്ലെന്ന് ജില്ലാ ആരോഗ്യ വിഭഗത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.

വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് റജിസ്ട്രേഷൻ പൂർത്തിയാക്കിയ മുഴുവൻ ആളുകൾക്കും വാക്സിൻ എടുക്കാനുള്ള പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും, ഹെൽത്ത് ഇൻസ്പെടർ കെ. പി. രമേശനും അറിയിച്ചു. ജില്ലയിലേക്കുള്ള വാക്സിൻ വിതരണം പൂർണ്ണമായും തടസ്സപ്പെട്ടതായാണ് അറിയുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *