KOYILANDY DIARY

The Perfect News Portal

അകലാപ്പുഴയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി

കൊയിലാണ്ടി പുറക്കാട് അകലാപ്പുഴയിൽ ഫൈബർ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്. നാലുപേർ സഞ്ചരിച്ച തോണിയാണ് അപകടത്തിൽപെട്ടത്. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തൽ താമസിക്കും പുതിയോട്ടിൽ അസൈനാറിന്റെ മകൻ അഫ്‌നാസ് (22) നെയാണ് കാണാതായത്. ഇന്ന് വൈകീട്ടാണ് സംഭവം.

ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. 4 പേരടങ്ങിയ സംഘം സഞ്ചരിച്ച ഫൈബർ തോണി മറിയുകയായിരുന്നു. 3 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നങ്ങ്യാർണ്ടി ശ്രീഷു മാസ്റ്ററുടെ മകൻ നിവേദ് (22), പുതിയോട്ടിൽ ഇസ്മായിലിന്റെ മകൻ നിയാസ് (29), ശബ്നം ഗഫൂറിന്റെ മകൻ ഷഹീൻ (19) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. സ്വകാര്യ വ്യക്തിയുടെ തോണിയിൽ പ്രദേശത്തുള്ള ഇവർ സഞ്ചരിക്കവെയാണ് തോണി അപകടത്തിൽപെട്ടത്.

രക്ഷപ്പെട്ട 3 പേരും ചേർന്ന് അഫ്നാസിനെ കരയ്ക്കെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും കരയിൽ നിന്ന് 50 മീറ്റർ അകലെ ശ്രമം വിഫലമാവുകയായിരുന്നു. നാല് പേർക്കും നീന്തൽ അറിയാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രിയിലും തിരച്ചിൽ തുടരുമെന്ന് പോലീസും ഫയർഫോഴ്‌സും അറിയിച്ചു.

Advertisements