KOYILANDY DIARY.COM

The Perfect News Portal

ശീതള പാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ശീതള പാനീയമെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഒമ്പതുവയസ്സുകാരായ ആര്യന്‍ സിങ്, സാഹില്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്. സാഹിലിന്റെ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു ദുരന്തം. ബെംഗളൂരു കെല്ലാരി റോഡിലാണ് സംഭവമുണ്ടായത്.

സ്വര്‍ണപ്പണിക്കാരനായ ശങ്കറിന്റെ മകന്‍ സാഹിലിന്റെ ഒമ്പതാം പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍. ബുധനാഴ്ച രാത്രി അടുത്ത സുഹൃത്തുക്കളെല്ലാം പങ്കെടുത്ത ചടങ്ങ്. ആഘോഷങ്ങള്‍ക്ക് ശേഷം സുഹൃത്ത് ആര്യനൊപ്പം ഭക്ഷണം കഴിച്ചു സാഹില്‍. അതു കഴിഞ്ഞാണ് മേശയിലിരുന്ന കുപ്പി ഇരുവരും കാണുന്നത്. ശീതളപാനീയമെന്ന് കരുതി അതിലൊഴിച്ചുവച്ചിരുന്ന സള്‍ഫ്യൂരിക് ആസിഡ് സാഹിലും ആര്യനും കുടിച്ചു. മുതിര്‍ന്നവരാരും ശ്രദ്ധിച്ചുമില്ല.

പൊളളലേറ്റ് നിലവിളിച്ച ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വര്‍ണപ്പണിക്കാരനായ ശങ്കര്‍ സ്വര്‍ണം ഉരുക്കുന്നതിന് വേണ്ടി കൊണ്ടുവച്ചതായിരുന്നു ആസിഡ്. ഇത് അശ്രദ്ധമായി സൂക്ഷിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സഞ്ജയ് സിങ്, അഞ്ജു ദമ്പതികളുടെ മകനാണ് മരിച്ച ആര്യന്‍. കുട്ടികള്‍ രണ്ടുപേരും മൂന്നാംക്ലാസ് വിദ്യാര്‍ത്ഥികളാണ്. സിറ്റി മാര്‍ക്കറ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!