KOYILANDY DIARY

The Perfect News Portal

ശാസ്ത്രവും ചരിത്രവും പഠിക്കുന്നതിനിടയിലും മണ്ണില്‍ പൊന്നുവിളയിക്കാന്‍ വിദ്യാര്‍ഥികള്‍

വളയം: ശാസ്ത്രവും ചരിത്രവും പഠിക്കുന്നതിനിടയിലും മണ്ണില്‍ പൊന്നുവിളയിക്കാനുള്ള ഒരുക്കത്തിലാണ് വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളയം പൂവ്വം വയലിലെ ഒരേക്കര്‍ തരിശുഭൂമിയില്‍ വിദ്യാര്‍ഥികള്‍ കരനെല്‍ക്കൃഷിയിറക്കി. തൊഴിലുറപ്പ് തൊഴിലാളികളും പങ്കുചേര്‍ന്നു.

രാവിലെ എട്ടരമണിയോടെതന്നെ വിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നിരുന്നു. തരിശുഭൂമി രണ്ടു ജോഡി കാളകള്‍ ഉഴുതുമറിച്ചു. നിലം എങ്ങനെ ഉഴുതുമറിക്കണമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കര്‍ഷകനുമായ എന്‍.പി. കണ്ണന്‍ വിദ്യാര്‍ഥികള്‍ക്ക് കാണിച്ചുകൊടുത്തു. ഇതിനിടയില്‍ ചില വിദ്യാര്‍ഥിനികള്‍ നുകം പിടിച്ചുകൊണ്ട് നിലം ഉഴുതുമറിക്കാനുള്ള ശ്രമവും നടത്തി.

ആദിവാസിവിഭാഗങ്ങള്‍ കൃഷി ചെയ്യാറുള്ള വയനോക്കി നെല്‍വിത്താണ് ഇവിടെ നട്ടത്. കൂടാതെ ചോളവും കൃഷിചെയ്തു. തികച്ചും പഴയ രീതിയിലുള്ള കൃഷിയും കൃഷിരീതികളും വിദ്യാര്‍ഥികള്‍ നന്നായി ആസ്വദിച്ചു. വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നെല്‍വിത്തെറിഞ്ഞുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisements

എം. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി. കണ്ണന്‍, അംഗങ്ങളായ എ.കെ. രവീന്ദ്രന്‍, പി.എസ്. പ്രീത, പ്രിന്‍സിപ്പല്‍ സി.കെ. ചന്ദ്രന്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഷബിത എന്‍.ആര്‍, പി. രഞ്ജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *